‘രജനീകാന്തുമായി പിണക്കമില്ല, ആ ചിത്രങ്ങൾ ഒഴിവാക്കിയത് കഥാപാത്രങ്ങളിൽ തൃപ്തനല്ലാത്ത കൊണ്ട്’: സത്യരാജ് മനസ്സ് തുറക്കുന്നു

38 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം രജനീകാന്തുമായി ഒന്നിച്ച് സ്‌ക്രീനിൽ എത്തുമ്പോൾ ഇടവേളയുടെ കാരണം വ്യക്തമാക്കുകയാണ് മുതിർന്ന നടൻ സത്യരാജ്. വളരെക്കാലമായി ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിച്ചാണ് സത്യരാജ് പുതിയ ചിത്രത്തിൽ എത്തുന്നതെന്നാണ് വാർത്തകൾ വന്നത്. എന്നാൽ സത്യരാജ് ഒരു പ്രധാന കഥാപാത്രമായി റിലീസിനൊരുങ്ങുന്ന ‘ആയുധം’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ എല്ലാ പ്രചാരണങ്ങൾക്കും മറുപടിയും ആയി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പർ താരം.

“ഞാൻ നായകനായതിന് ശേഷം രജനികാന്തിന്‍റെ രണ്ട് ചിത്രങ്ങളിൽ പ്രവർത്തിക്കാൻ എനിക്ക് ഓഫര്‍ വന്നു. ആദ്യത്തേത് ‘ശിവാജി’, മറ്റൊന്ന് ‘എന്തിരൻ’. രണ്ടിലും ഞാൻ തൃപ്തനായില്ല. അതിനാല്‍ ചെയ്തില്ല. അല്ലാത്തപക്ഷം, രജനികാന്തുമായി എന്ത് പ്രശ്‌നമാണ് എനിക്ക്?” ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സത്യരാജ് പറഞ്ഞു. എന്തിരനില്‍ ഡാനി ഡെൻസോങ്‌പ ആണ് പിന്നീട് സത്യരാജിനും ഓഫർ ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ ആണ് രജനികാന്തും സത്യരാജൂം ഒന്നിക്കുന്നത്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ കൂലിയിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു..