‘വിജയത്തുടക്കം’; സന്തോഷ് ട്രോഫിയില്‍ ഗോവയെ വീഴ്‌ത്തി കേരളം

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലും കേരളത്തിന് വിജയക്കുതിപ്പ്. വാശിയേറിയ മത്സരത്തില്‍ നിലവിലെ റണ്ണര്‍ അപ്പായ ഗോവയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സല്‍, നസീബ് റഹ്‌മാന്‍, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിനായി ഗോള്‍ നേടിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ കേരളത്തെ ഞെട്ടിച്ച് ഗോവ ലീഡെടുത്തു. രണ്ടാം മിനിറ്റില്‍ വഴങ്ങേണ്ടിവന്ന ഗോളിന് ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് കേരളം മറുപടി പറഞ്ഞത്. 15-ാം മിനിറ്റില്‍ മുഹമ്മദ് റിയാസിന്റെ ഗോളിലൂടെ കേരളം ഒപ്പമെത്തി. പിന്നാലെ 27-ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലും 33-ാം മിനിറ്റില്‍ നസീബ് റഹ്‌മാനും വലകുലുക്കിയതോടെ കേരളത്തിന്റെ രണ്ട് ഗോള്‍ ലീഡുമായി ആദ്യപകുതി പിരിഞ്ഞു.

രണ്ടാം പകുതിയിലും മിന്നുന്ന ഫോമില്‍ ഗോവയെ നേരിട്ട കേരളം 69-ാം മിനിറ്റില്‍ ക്രിസ്റ്റി ഡേവിസിലൂടെ വീണ്ടും ഗോവക്ക് പ്രഹരം നല്‍കി. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഗോവ ഗോളുകള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരുന്നു. 78, 86 മിനിറ്റുകളില്‍ ഗോള്‍ മടക്കി ഗോവ തോല്‍വിഭാരം കുറച്ചു.അവസാന മിനിറ്റുകളില്‍ സമനില പിടിക്കാനുള്ള ഗോവയുടെ പരിശ്രമങ്ങളെല്ലാം കേരള പ്രതിരോധം നിഷ്പ്രഭമാക്കി. യോഗ്യതാ റൗണ്ടിലെ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായാണ് കേരളം ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞതവണ ഗോവയോട് കേരളം പരാജയപ്പെട്ടിരുന്നു.