ഉത്തേജക മരുന്ന് ഉപയോഗം; ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്. കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫെബ്രുവരി 9 മുതൽ മെയ് 4 വരെയാണ് വിലക്ക്. നിരോധിത പദാർത്ഥമായ ക്ലോസ്‌റ്റെബോൾ അടങ്ങിയ മരുന്ന് ഉപയോ​ഗിച്ചതാണ് സിന്നറിന് വിനയായത്.

അതെ സമയം തന്റെ ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് മരുന്ന് ഉപയോ​ഗിച്ചതെന്നും മനപൂർവമല്ലെന്നും കോടതിയിൽ സിന്നർ വ്യക്തമാക്കി. ഈ വിശദീകരണം അംഗീകരിച്ച ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കടുത്ത നടപടികള്‍ എടുത്തിരുന്നില്ല. കായികകോടതിയില്‍ താരം മന:പൂര്‍വ്വം ചതിപ്രയോഗം നടത്തിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് കളിക്കാരന് മാറിനില്‍ക്കാനാകില്ലെന്നും വാഡ നിലപാടെടുത്തു. താരം നടപടി അംഗീകരിച്ച് കേസ് ഒത്തുതീര്‍പ്പിലെത്താമെന്ന് അറിയിച്ചതോടെയാണ് മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഓസ്ട്രേലിയൻ ഓപ്പണിലെ പുരുഷ സിംഗിൾസ് കിരീട ജേതാവാണ് യാനിക്. ഒന്നാംറാങ്കുകാരനായ ഇരുപത്തിമൂന്നുകാരൻ കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ ഓപ്പണിനൊപ്പം യുഎസ്‌ ഓപ്പണും നേടിയിരുന്നു. മൂന്നു ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് സിന്നർ.