റോമൻ അബ്രമോവിച്ചിന് മേൽ ബ്രിട്ടൺ ഉപരോധം; ചെൽസിക്ക് വൻ തിരിച്ചടി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്ക് വൻ തിരിച്ചടി. അവരുടെ ഉടമയായ റോമൻ അബ്രമോവിചിന് മേൽ ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തി. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ റോമന് പങ്കുണ്ട് എന്നും റോമന്റെ കമ്പനികൾ റഷ്യക്ക് ആയുധം നൽകുന്നത് എന്നും ആരോപിച്ചാണ് ഉപരോധം. റോമൻ അബ്രമോവിചിന്റെ ബ്രിട്ടണിലെ സ്വത്തുക്കൾ ഒക്കെ തൽക്കാലം മരവിപ്പിക്കാനും ബ്രിട്ടൺ ഉത്തരവിട്ടു.

ഇതോടെ ചെൽസി ക്ലബ് വിൽക്കനുള്ള റോമന്റെ നീക്കവും പാളിയിരിക്കുകയാണ്. ചെൽസിക്ക് പുതിയ താരങ്ങളെ വാങ്ങാനോ ഇപ്പോഴുള്ള താരങ്ങൾക്ക് പുതിയ കരാർ നൽകാനോ ഈ ഉപരോധത്തോടെ സാധ്യമാകില്ല. ബ്രിട്ടണിൽ ചെൽസിയുടെ ഒരു ജേഴ്സി വിൽപ്പന പോലും പുതിയ ഉത്തരവോടെ സാധിക്കാതെ വരും. നേരത്തെ യുദ്ധം തുടങ്ങിയ ഉടനെ തന്നെ ചെൽസിയുടെ ഭരണം റോമൻ ഒരു ട്രസ്റ്റിനെ ഏൽപ്പിച്ചിരുന്നു. പിന്നീട് താൻ ക്ലബ് വിൽക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പുതിയ ഗവണ്മെന്റ് ഉത്തരവ് ചെൽസി ആരാധകർക്ക് വലിയ ആശങ്ക ആകും നൽകുന്നത്.

2003ൽ 190 മില്യണ്‍ ഡോളറിന് സ്വന്തമാക്കിയ ചെല്‍സി കഴിഞ്ഞ 20 വര്‍ഷത്തോളമായി അബ്രമോവിചിന്റെ ഉടമസ്ഥതയിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് മൂന്ന് ബില്യണ്‍ ഡോളറിലധികം ആസ്തിയാണ് ക്ലബിനുള്ളത്.