ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ടീം ഇന്ത്യക്കു വേണ്ടി ശുഭ്മൻ ഗില്ലും രോഹിത് ശർമയും തകർപ്പൻ തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസ് കൂട്ടിച്ചേർത്തു. 52 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 60 റൺസെടുത്ത ഗിൽ ആണ് ആദ്യം പുറത്തായത്. 90 പന്തുകളിൽ 12 ഫോറും ഏഴ് സിക്സും സഹിതം 119 റൺസുമായി രോഹിത് പുറത്താകുമ്പോൾ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ഏകദിന കരിയറിലെ രോഹിത്തിന്റെ 32-ാം സെഞ്ച്വറിയാണിത്.രോഹിത് പുറത്തായ ശേഷം എത്തിയ വിരാട് കോഹ്ലി പെട്ടെന്ന് പുറത്തായെങ്കിലും ശ്രേയസ് അയ്യർ (44), രവീന്ദ്ര ജഡേജ (41) യുടെ ഇന്നിംഗ്സ് ഇന്ത്യക്കു വിജയം സമ്മാനിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 69 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. ബെൻ ഡക്കറ്റ് 65 റൺസ് നേടി. ക്യാപ്റ്റൻ ജോസ് ബട്ലർ 34, ഹാരി ബ്രൂക്ക് 31, ഫിൽ സോൾട്ട് 26 എന്നിങ്ങനെയും സംഭാവന ചെയ്തു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.