റോഡ്രിയുടെ പരിക്ക് ഗുരുതരം, സീസണ്‍ മുഴുവന്‍ നഷ്ടം; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി

പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക് സീസണിലെ ഇനിയുള്ള മത്സരങ്ങളെല്ലാം നഷ്ടമാവും. ആഴ്‌സണലിന് എതിരായ മത്സരത്തിനിടെയാണ് റോഡ്രിയുടെ കാലിന് പരിക്കേറ്റത്. താരത്തിന്റെ വലത് കാല്‍ മുട്ടിനാണ് പരിക്ക്. പരിക്ക് ഗുരുതരമായതോടെയാണ് ഡോക്ടര്‍മാര്‍ താരത്തിനു ദീര്‍ഘ നാള്‍ വിശ്രമം നിര്‍ദ്ദേശിച്ചത്. യൂറോ കപ്പ് ഫൈനലിനിടെ പരിക്കേറ്റ റോഡ്രിക്ക് ഈ സീസണില്‍ ആകെ 66 മിനിറ്റേ കളിക്കാനായിട്ടുള്ളൂ. 2019ല്‍ സിറ്റിയിലെത്തിയ റോഡ്രി ക്ലബിനായി 260 മത്സരങ്ങളില്‍ 26 ഗോളും 30 അസിസ്റ്റും സ്വന്തമാക്കി.

താരത്തിന്റെ അഭാവം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ് മുന്നേറ്റങ്ങള്‍ക്ക് കനത്ത അടിയാണ്. സമാന സാഹചര്യം തന്നെയാണ് സ്‌പെയിന്‍ ദേശീയ ടീമിനെ സംബന്ധിച്ചും. യുവേഫ നേഷന്‍സ് ലീഗിലെ താരത്തിന്റെ പങ്കാളിത്തമാണ് ത്രിശങ്കുവിലാകുന്നത്. .ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട താരമാണ് റോഡ്രി. യൂറോ നേടിയ സ്പാനിഷ് ടീമിന്റെ എഞ്ചിന്‍ റോഡ്രിയായിരുന്നു.