പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന പ്രശാന്ത് നീൽ ചിത്രം ‘സലാർ’; എത്തുക രണ്ട് ഭാ​ഗങ്ങളിലെന്ന് റിപ്പോർട്ട്

പാൻ ഇന്ത്യ തലത്തിൽ തരംഗമായ കെ ജി എഫ് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ, തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസ്, മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ ഒന്നിക്കുന്ന ‘സലാർ’ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുകയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. സലാറിന്റെ ആദ്യ ഭാഗം സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തും. എന്നാൽ, കെജിഎഫ് പോലെ തുടരെ സലാറിന്റെ രണ്ട് ഭാഗങ്ങളും റിലീസിന് എത്തില്ല. ഒന്നാം ഭാഗം തിയറ്ററുകളിൽ എത്തിയ ശേഷം ജൂനിയർ എൻടിആറുമായിട്ടുള്ള ചിത്രമായിരിക്കും പ്രശാന്ത് നീൽ ഒരുക്കുക. അതിന് ശേഷം മാത്രമെ സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ സലാറിന്റെ ചിത്രീകരണം പൂർത്തിയേക്കുമെന്നും വിവരമുണ്ട്.

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഭുവന്‍ ഗൌഡ ഛായാഗ്രഹണവും ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. രവി ബസ്‍രൂര്‍ ആണ് സംഗീത സംവിധാനം.