സ്പാനിഷ് ലീഗിലെ ഏറ്റവും ശ്രദ്ധേയമായ ബാർസലോണ-റിയൽ മാഡിഡ് എൽക്ലാസിക്കോ പോരാട്ടം ഇന്ന്. ഇന്ന് ബദ്ധവൈരികളെ കീഴടക്കി പോയന്റ് ടേബിളിൽ ഒന്നാമതെത്തുകയാണ് ആഞ്ചലോട്ടിയുടെയും ശിഷ്യന്മാരുടെയും ലക്‌ഷ്യം എങ്കിൽ, തോൽവി അറിയാതെ ഉള്ള ഈ സീസണിലെ ജൈത്ര യാത്ര തുടരുകയാണ് ബാഴ്‌സ ലക്‌ഷ്യം വെക്കുന്നത്. നിലവിൽ ഇരു ടീമുകളും തമ്മിൽ കേവലം ഒരു പോയന്റ് മാത്രം ആണ് വിത്യാസമുള്ളത്. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.45 ന് ആണ് മത്സരം.
ഈ സീസണിൽ മിന്നും പ്രകടനവുമായി കളം നിറഞ്ഞാടുന്ന ഇംഗ്ളീഷ് താരം ജൂഡ് ബെല്ലിങ്ങാം ആണ് റിയാലിന്റെ ആക്രമണങ്ങൾക്കു ചുക്കാൻ പിടിക്കുക. തന്റെ ആദ്യ ഗോൾ കണ്ടെത്തിയ മധ്യ നിര താരം റോഡ്രിഗോയും ഫോമിൽ ആളാണെന്നത് റിയൽ മാഡിഡ് ക്യാമ്പിന് ആശ്വാസം പകരും അതെ സമയം പ്രധാന താരങ്ങളുടെ പരിക്കുകൾ ആണ് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. പെഡ്രി, റാഫിഞ്ഞ, ഫ്രാങ്കി ഡി ജോംഗ് എന്നിവരുടെ സേവനം ഇന്ന് ബാഴ്‌സയ്ക്ക് ലഭിച്ചേക്കില്ല. അതെ സമയം സ്റ്റാർ സ്‌ട്രൈക്കർ ലെവൻഡോസ്‌കി പരിക്കിൽ നിന്ന് മുക്തനായി തിരിച്ചു വരുന്നത് ടീമിന് ആശ്വാസം പകരും. ഇരു ടീമുകളും ഏറ്റു ,മുട്ടിയ കഴിഞ്ഞ 5 മത്സരങ്ങളിൽ നാലിലും ജയം ബാഴ്‍സക്കൊപ്പമായിരുന്നു.