ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ വിജയം ഒരാൾ കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി റാഷിദ് ഖാൻ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് അഫ്ഗാൻ സെമിയിലെത്തുമെന്ന് പറഞ്ഞത്. ബ്രയാൻ ലാറയെ നിരാശനാക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല. വിൻഡീസ് ഇതിഹാസം പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചതിൽ സന്തോഷമുണ്ടെന്നും റാഷിദ് ഖാൻ പ്രതികരിച്ചു.
ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. 116 റണ്‍സ് വിജയലക്ഷ്യാണ് അഫ്ഗാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി. 12.1 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും സെമി കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കില്‍ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു. എന്നാല്‍ അഫ്ഗാന്‍ പോരാട്ടവീര്യം പുറത്തെടുത്തപ്പോള്‍ ചരിത്രത്തിലാദ്യമായി ടീം ടി20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.
അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്‌ട്രേലിയയും സൂപ്പര്‍ എട്ടില്‍ പുറത്തായി. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ്, അഫ്ഗാനിസ്ഥാന്റെ എതിരാളി.