യുഎസ് പ്രീമിയർ കളക്ഷനിൽ ഒന്നാമതെത്തി രജനികാന്ത് ചിത്രം ‘ജയിലർ’

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ ‘ജയിലർ’ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യു എസ് പ്രീമിയർ കളക്ഷനിൽ റെക്കോഡ് നേട്ടത്തിലേക്ക്‌. യു എസിലെ 170 തിയേറ്ററുകളിൽ നിന്നായി മൂന്ന് കോടിക്കടുത്താണ് ചിത്രത്തിന്റ പ്രീമിയറിന് ലഭിച്ചിരിക്കുന്നത് കമൽഹാസൻ ചിത്രമായ ‘വിക്ര’മിന് രണ്ടര കോടിയുടെ റെക്കോഡ് ആണ് ചിത്രം മറി കടന്നിരിക്കുന്നത്. രജനികാന്തിന്റെ ഏക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ സാധ്യതയുള്ള ചിത്രമാകും ജയിലർ എന്ന പ്രതീക്ഷയിലാണ് ആരാധകർ. തമിഴ്‌നാട്ടിലെ ‘ജയിലർ’ ബുക്കിംഗ് ചില സ്ഥലങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. നാളെയോടെ മറ്റ് തിയേറ്ററുകളിലും ബുക്കിം​ഗ് തുടങ്ങും. ഓഗസ്റ്റ് 10 വ്യാഴാഴ്ച്ചയാണ് ജയിലർ റിലീസിനെത്തുന്നത്.

ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ഇത്.രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ജയിലര്‍ ചിത്രത്തിന്റെ ഒരു പ്രധാന ആകര്‍ഷണം. ചിത്രത്തില്‍ കാമിയോ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സുനില്‍, രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, യോഗി ബാബു, വിനായകൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ‘ജയിലര്‍ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.