‘കിടിലൻ’; കിലിയന്‍ എംബാപ്പെ മാഡ്രിഡിലേക്കെന്ന് റിപ്പോട്ടുകൾ

അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ചേരാന്‍ സമ്മതം മൂളിയതായി ബ്രിട്ടീഷ് മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ എംബാപ്പെയും ക്ലബുമായി കരാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഈ സീസണിനൊടുവില്‍ പിഎസ്‌ജി വിടുമെന്ന് എംബാപ്പെ ഫ്രഞ്ച് ക്ലബിനെ നേരത്തെ അറിയിച്ചിരുന്നു. ക്രിസ്റ്റിയാനോ റൊണാൾഡോ ., കരീം ബെൻസെമ തുടങ്ങിയവർ ക്ലബ് വിട്ട ശേഷം എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശക്തമായി ശ്രമിച്ചിരുന്നു. 25 കാരനായ എംബാപ്പെ സമകാലീക ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളിൽ ഒരാളാണ്. 2017-ല്‍ മൊണാക്കോയില്‍ നിന്ന് 180 മില്യണ്‍ യൂറോ നല്‍കിയാണ് എംബാപ്പയെ പിഎസ്ജി സ്വന്തമാക്കിയത്. അതിനിടെ എംബാപ്പെയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പിഎസ്ജി ആരംഭിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സ്ട്രൈക്കർ മാർകസ് രാഷ്‌ഫോർഡ്, നാപോളി താരം വിക്ടർ ഓസിംഹേന് തുടങ്ങിയവരെ ക്ളബിലെത്തിക്കുന്നതിനുള്ള ആലോചനകൾ ആരംഭിച്ചു.

റയല്‍ മാഡ്രിഡുമായി അഞ്ച് വര്‍ഷത്തെ കരാറാണ് കിലിയന്‍ എംബാപ്പെ ഒപ്പിടുക എന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു സീസണില്‍ 15 ദശലക്ഷം യൂറോയും അഞ്ച് വ‍ര്‍ഷത്തേക്ക് 150 ദശലക്ഷം യൂറോ സൈനിംഗ് ഓണ്‍ ബോണസ് തുകയും എംബെപ്പെയ്ക്ക് ലഭിക്കും. പാരിസ് സെയ്ന്‍റ് ജര്‍മെനായി 291 മത്സരങ്ങളില്‍ 244 ഗോളും 93 അസിസ്റ്റും എംബാപ്പെയ്ക്ക് നേടാനായി. പിഎസ്‌ജിയുടെ എക്കാലത്തെയും വലിയ ഗോള്‍സ്‌കോറര്‍ കിലിയന്‍ എംബാപ്പെയാണ്. എംബാപ്പെ കളിച്ച അഞ്ച് സീസണുകളില്‍ ലീഗ് വണ്‍ കിരീടം പിഎസ്‌ജി ഉയര്‍ത്തി. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നം അകലെ നിന്നു. ചാമ്പ്യൻസ് ലീഗ് ട്രോഫികൾ ഏറ്റവും അധികം സ്വന്തമാക്കിയ മാഡ്രിഡിൽ ചേരുന്നതോടെ താരത്തിന് ആ നേട്ടവും കൈ എത്തി പിടിക്കാം എന്നാണു കാൽപ്പന്ത് നിരീക്ഷകർ കരുതുന്നത്.