മെസി ഉള്‍പ്പെടെ നാല് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ്; ലിയോണിനെതിരെയുള്ള മത്സരം നഷ്ട്ടമാകും

പിഎസ്ജിയുടെ അര്‍ജന്റൈന്‍ ഇതിഹാസതാരം ലിയോണല്‍ മെസിക്ക് കൊവിഡ്. ഫ്രഞ്ച് കപ്പില്‍ പിഎസ്ജിക്ക് നാളെ മത്സരമുണ്ട്. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മെസി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഐസൊലേഷനിലാണ്.

ലെഫ്റ്റ് ബാക്ക് യുവാന്‍ ബെര്‍നാഡ്, ഗോള്‍ കീപ്പര്‍ സെര്‍ജിയോ റിക്കോ, 19കാരനായ മധ്യനിര താരം നതാന്‍ ബിറ്റുമസല എന്നിവരുടെ പരിശോധന ഫലവും പോസിറ്റീവായി. കൂടാതെ പിഎസ്ജിയിലെ ഒരു സ്റ്റാഫ് അംഗത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ക്ലബ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഫ്രഞ്ച് ലീഗിലെ നിലവിലെ റണ്ണേഴ്‌സ് അപ്പായ മൊണാക്കോയുടെ ഏഴ് താരങ്ങള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പിഎസ്ജി താരങ്ങള്‍ക്കും രോഗം കണ്ടെത്തിയത്. മൂന്നാം ഡിവിഷന്‍ ക്ലബായ വന്നേസുമായാണ് നാളെ പിഎസ്ജിയുടെ ഫ്രഞ്ച് കപ്പ് പോരാട്ടം. ശേഷം ഫ്രഞ്ച് ലീഗില്‍ ലിയോണിനെതിരെ നടക്കുന്ന മത്സരവും മെസിക്് നഷ്ടമാവും.

കണങ്കാലിന് പരിക്കേറ്റ് പുറത്തിരിക്കുന്ന ബ്രസീൽ ഫോർവേഡ് നെയ്മറിനും ഇരു മത്സരങ്ങളും നഷ്ട്ടമാകും.

അതെ സമയം ഫ്രാൻസിൽ 24 മണിക്കൂർ കാലയളവിൽ 219,126 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് 200,000-ത്തിലധികം കേസുകൾ രേഖപ്പെടുത്തിയത്.