പാക്ക് ക്രിക്കറ്റിൽ അവസാനിക്കാതെ പ്രശ്നങ്ങൾ; പരിശീലകൻ ഗാരി കിർസ്റ്റൻ രാജി വെച്ചു

രണ്ടു വർഷത്തെ കരാറിൽ പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനായി ചുമതലയേറ്റ മുൻ സൗത്ത് ആഫ്രിക്കൻ താരവും കോച്ചുമായ ഗാരി കിർസ്റ്റൻ രാജി വെച്ചു. പാക് വൈറ്റ് ബോള്‍ ടീമിന്‍റെ നായകനായി മുഹമ്മദ് റിസ്‌വാനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രണ്ട് വര്‍ഷ കാലാവധിയുള്ള കിര്‍സ്റ്റന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ATHE സമയം ടെസ്റ്റ് ടീം പരിശീലകനായ ഓസ്‌ട്രേലിയൻ താരം ജേസണ്‍ ഗില്ലെസ്പിയെ ഏകദിന, ട്വന്റി20 ടീമുകളുടെ കൂടി പരിശീലകനായി പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു.

മുഹമ്മദ് റിസ്‌വാനെ പാക് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് അഭിപ്രായം പോലും ചോദിച്ചില്ലെന്ന് കിര്‍സ്റ്റന് പരാതിയുണ്ടായിരുന്നു. പാകിസ്ഥാനിലുണ്ടായിട്ടും പത്രസമ്മേളനത്തിലൂടെയാണ് താനീ വിവരം അറിയുന്നതെന്നും കിര്‍സ്റ്റന്‍ തന്‍റെ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഡേവിഡ് റെയ്ഡിനെ ഹൈ പെർഫോമൻസ് കോച്ചായി നിയമിക്കാനുള്ള തന്റെ ആവശ്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തള്ളിയതിലുള്ള അമർഷവും കിർസ്റ്റന്റെ രാജിക്കു കാരണമായെന്നാണ് വിവരം.

2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമന്‍റെ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റൻ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മെന്‍ററും ബാറ്റിംഗ് പരിശീലകനുമായിരിക്കെയാണ് ഈ വര്‍ഷം ഏപ്രിലില്‍ പാക് വൈറ്റ് ബോള്‍ ടീം പരിശീലകനായി പോയത്.