ഹിന്ദു മതവികാരങ്ങൾ വ്രണപ്പെടുത്തുന്നു; നയൻതാര ചിത്രം ‘അന്നപൂരണി’ ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

ഭഗവൻ ശ്രീരാമനെ അപമാനിക്കുന്നുവെന്നും, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാരോപിച്ച് നയൻതാര നായികയായി എത്തിയ ‘അന്നപൂരണി’ എന്ന ചിത്രത്തിനെതിരെ ഹിന്ദു ഐടി സെൽ മുംബൈ പോലീസിൽ പരാതി നൽകി. മുംബൈ എൽടി മാർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ ഫയൽ ചെയ്തു. ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് നായക കഥാപാത്രം ജയ് നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു രംഗത്തിൽ ഒരു പാചക മത്സരത്തിന് മുമ്പ് സ്‌കാർഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക വിധി പ്രകാരം നയൻതാരയുടെ കഥാപാത്രം നിസ്‌കരിക്കുന്നുണ്ട്, ഇത് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നും ചൂണ്ടി കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

നയൻതാരയു‌ടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി’ ഡിസംബർ ഒന്നിന് ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്, പിന്നീട് കഴിഞ്ഞ ആഴ്ച നെറ്ഫ്ലിക്സിലും ചിത്രം പ്രദർശനം ആരംഭിച്ചിരുന്നു. നയൻതാര ഷെഫായിട്ടാണ് അന്നപൂരണിയില്‍ വേഷമിട്ടിരുന്നത്. മികച്ച് പ്രകടനമായിരുന്നു അന്നപൂരണിയില്‍ നയൻതാരയുടേത്. സംവിധായകൻ നിലേഷ് കൃഷ്‍ണ തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യ ഡി പിയാണ്, ജതിൻ സേതിയാണ് നിര്‍മാണം, ജയ് നായകനായി എത്തിയ ചിത്രത്തിലെ കഥാപാത്രങ്ങളായി കെ എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി ആരതി ദേശയി, രേണുക, കാര്‍ത്തിക് കുമാര്‍, ചന്ദ്രശേഖര്‍, റെഡിൻ തുടങ്ങിയവരും വേഷമിട്ടും, സംഗീതം എസ് തമനായിരുന്നു.

കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്.