പരിക്ക്; ഹാര്‍ദിക് പാണ്ഡ്യക്ക് ഐപിഎൽ നഷ്ടമായേക്കും?

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി 20 പരമ്പരക്കിടെ പരിക്കിന്റെ പിടിയിലായ നിയുക്ത മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്
പാണ്ഡെയ്ക്ക് അടുത്ത വര്ഷം നടക്കുന്ന ഐ പി എൽ നഷ്ടമായേക്കും. പരിക്ക് മൂലം ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയും ദക്ഷിണാഫ്രിക്കയിലെ വൈറ്റ് ബോള്‍ മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായി. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഹാര്‍ദിക്കിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഒരു അപ്ഡേറ്റും ഇല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ഒരു വലിയ ചോദ്യചിഹ്നമുണ്ട്- ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.ഇത് ടീം ഇന്ത്യയ്ക്കും മുംബൈ ഇന്ത്യന്‍സിനും വലിയ തിരിച്ചടിയായേക്കും. ഹാര്‍ദിക്കിന്‍റെ അഭാവത്തില്‍ പ്രോട്ടീസിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ ടീം ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവും ഇപ്പോള്‍ പരിക്ക് കാരണം വലയുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഫീല്‍ഡിംഗിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് ഫിറ്റ്‌നസിലേക്ക് തിരികെവരാന്‍ ആറാഴ്‌ച വരെ സമയം വേണ്ടിവന്നേക്കും.

ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായ ഹാര്‍ദിക് തന്‍റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങി എത്തിയ ശേഷം ഉള്ള ആദ്യ സീസൺ തന്നെ നഷ്ടമാകുന്നത് ടീമിനും താരത്തിനും വൻ തിരിച്ചടി ആണ്. ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കരിയറിന് തുടക്കം കുറിച്ചത് മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈയുടെ പ്രധാന താരങ്ങളിലൊരാളായി ഹാര്‍ദിക് പാണ്ഡ്യ പിന്നീട് വളര്‍ന്നു. 2015 മുതല്‍ 2021 വരെ മുംബൈ ഫ്രാഞ്ചൈസിയില്‍ കളിച്ച് മികച്ച റെക്കോര്‍ഡുണ്ടായിട്ടും താരത്തെ 2022ലെ മെഗാ താരലേലത്തിന് മുമ്പ് ടീം ഒഴിവാക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചൈസിയില്‍ ചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ ടീമിന്‍റെ ക്യാപ്റ്റനാവുകയും 2022ലെ ആദ്യ സീസണില്‍ തന്നെ കപ്പുയര്‍ത്തുകയും ചെയ്‌തു. 2023ലെ രണ്ടാം സീസണില്‍ റണ്ണേഴ്‌സ് അപ്പാവാനും ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ടൈറ്റന്‍സിനായി. ഐപിഎല്‍ കരിയറിലാകെ 123 മത്സരങ്ങളില്‍ 2309 റണ്‍സും 53 വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്.