പത്താൻ സിനിമയിലും ഗാനങ്ങളിലും മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശം

ലോകമെമ്പാടുമുള്ള കിംഗ് ഖാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്താൻ’. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ എല്ലാ വാർത്തകളും നവമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുകോണിന്റെ ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയെച്ചൊല്ലി വൻവിവാദം ഉയർന്നിരുന്നു. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിന്റെ ഗാനരംഗങ്ങളിൽ ഉൾപ്പെടെ മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കയാണ് സെൻസർ ബോർഡ്. സിനിമയിലും ഗാനങ്ങളിലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനും പുതുയ പതിപ്പ് സമർപ്പിക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർമ്മാതാക്കളോട് നിർദ്ദേശിച്ചതായി ചെയർപേഴ്‌സൺ പ്രസൂൺ ജോഷി പറഞ്ഞു.

പ്രസൂൺ ജോഷി പറയുന്നതനുസരിച്ച് സിനിമയിലെ വിവാദ ഗാനവും മറ്റ് രംഗങ്ങളും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി, പുതുക്കിയ പതിപ്പ് തിയറ്റർ റിലീസിന് മുമ്പ് സിബിഎഫ്‌സിക്ക് സമർപ്പിക്കാനും ‘പത്താൻ’ നിർമ്മാതാക്കളോട് സിബിഎഫ്‌സി എക്‌സാമിനേഷൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്‌. അതേസമയം പത്താന്റെ OTT അവകാശം ആമസോൺ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100 കോടി രൂപയ്ക്കാണ് ആമസോൺ സ്വന്തമാക്കിയത്. 250 കോടിരൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.

ജനുവരി 25ന് പുറത്തിറങ്ങുന്ന ചിത്രം ആമസോണിൽ മാർച്ച് അവസാന വാരമോ ഏപ്രിൽ ആദ്യമോ എത്തും. 2018ൽ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം തിയറ്റർ റിലീസിനൊരുങ്ങുന്ന ഷാറൂഖ് ചിത്രമാണ് പത്താൻ.