കിലിയന്‍ മര്‍ഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ മികച്ച നടി: ഓസ്‌കറില്‍ ഏഴ് പുരസ്‌കാരങ്ങളുമായി ഓപ്പന്‍ഹൈമര്‍

96–ാമത് പുരസ്കാര വേദിയിൽ മിന്നിത്തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ(Oppenheimer). 13 നോമിനേഷനുകളുമായെത്തിയ ചിത്രം ഏഴ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള ഓസ്കർ ഓപ്പൻഹൈമർ നേടി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. നോളന്റെ ആദ്യ ഓസ്‌കറാണിത്. ഇരുപത് വർഷത്തിനിടെ എട്ടുതവണയാണ് നോളന്റെ പേര് ഓസ്കർ പുരസ്കാരത്തിനുള്ള നാമനിർദേശപ്പട്ടികയിൽ വരുന്നത്. ഓപ്പൻഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫിയാണ് മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായത്. ഈ വർഷത്തെ മികച്ച ഒറിജിനൽ സ്‌കോറിനുള്ള ഓസ്‌കറും ചിത്രം നേടി.

ലുഡ്‌വിഗ് ഗൊറാൻസൺ ആണ് ഒറിജിനൽ സ്‌കോറിനുള്ള അംഗീകാരത്തിന് അർഹനായത്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ ഓപ്പൺഹൈമറിന് ലഭിച്ചു. മികച്ച ഫിലിം എഡിറ്റിംഗ് പുരസ്കാരവും ചിത്രത്തെ തേടിയെത്തി. കൂടാതെ ഓപ്പൻഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ലൂയിസ് സ്ട്രോസ് എന്ന കഥാപാത്രത്തിലൂടെയാണ് റോബർട്ട് ഡൗണി ജൂനിയർപുരസ്‌കാരം നേടിയത്. ഡൗണിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ സങ്കീർണ്ണമായ കഥാപാത്രത്തെ ഡൗണി അവതരിപ്പിച്ചത് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ നേടി. അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ വ്യാഖ്യാനം ഈ വേഷത്തിന് ജീവൻ നൽകിയിരുന്നു. ഇതോടെയാണ് തൻ്റെ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി 96-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.

എമ്മ സ്റ്റോൺ ആണ് മികച്ച നടി. പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്. ലോസ് ഏഞ്ചൽസിലെ ഓവേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ മാർച്ച് 11 ഇന്ത്യൻ സമയം പുലർച്ചെ 4 മണിക്ക് തന്നെ ഓസ്‌കർ പ്രഖ്യാപിച്ചു. ഹാസ്യനടൻ ജിമ്മി കിമ്മൽ നാലാം തവണയും ചടങ്ങിന് ആതിഥേയത്വം വഹിക്കും, തുടർച്ചയായി രണ്ടാം വർഷമാണ് അദ്ദേഹം ആതിഥേയനായി എത്തുന്നത്. ഇന്ത്യയിൽ, സ്റ്റാർ മൂവീസും ഡിസ്നി+ ഹോട്ട്‌സ്റ്റാറും പുലർച്ചെ 4 മുതൽ ചടങ്ങ് തത്സമയം സ്ട്രീം ചെയ്യുന്നുണ്ട്.