ഓസ്‍കർ വേദിയിൽ തിളങ്ങി ഇന്ത്യ:’ദ എലഫന്റ് വിസ്‍പറേഴ്‍സ്’ മികച്ച ഡോക്യുമെന്ററി ഷോര്‍ട് ഫിലിം, ‘നാട്ടു നാട്ടു’ ഗാനത്തിനും പുരസ്കാരം

ഓസ്‍കർ വേദിയിൽ ഇന്ത്യക്കു ഇരട്ട നേട്ടങ്ങൾ. രണ്ട് ഓസ്‍കര്‍ പുരസ്‍കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. ‘ദ എലഫന്റ് വിസ്‍പറേഴ്‍സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‍കര്‍ നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ദ എലഫന്റ് വിസ്‍പറേഴ്‍സ്’ഗുനീത് മോംഗയാണ് നിർമിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.

അതെ സമയം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘ആർ ആർ ആറി’ലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ആണ് ഒർജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത്. എ.ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ( 2008, സ്ലം ഡോഗ് മില്ല്യണയര്‍) ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്. എം.എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി.