ബിജു മേനോൻ, റോഷൻ മാത്യു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്നു. നിമിഷ സജയന്‍ ചിത്രത്തിലെ നായികാപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബിജു മേനോന്റെ വ്യത്യസ്തമായ കഥാപാത്രത്തെ ട്രെയിലറിൽ കാണാം. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. ബിജു മേനോനൊപ്പം നേർക്ക് നേർ പൊരുതി റോഷനും ഒപ്പമുണ്ട്. ഒരു മാസ് ആക്ഷൻ എന്റർടെയ്നർ ആകും ചിത്രമെന്ന് ട്രെയിലർ പറഞ്ഞുവയ്ക്കുന്നുണ്ട്. ഓണം റിലീസ് ആയി ‘ഒരു തെക്കന്‍ തല്ല് കേസ്’ അടുത്തമാസം തിയറ്ററുകളിൽ എത്തും.
രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും, മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയുമാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. ഇ ഫോർഎന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.