‘തുടർതോൽവികൾ’ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തു നിന്നും ഒലെ ഗുണ്ണാർ സോൾഷെയർ പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തു നിന്നും ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കി. ഇന്നലെ വാറ്റ്ഫോഡുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയമായി തോറ്റതിനു പിന്നാലെ ക്ലബ് നേതൃത്വം ചേർന്ന അടിയന്തിര യോഗത്തിലാണ് നോർവീജിയൻ പരിശീലകനെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. ക്ലബ് കുറച്ചു മുൻപ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബദ്ധവൈരികളായ ലിവർപൂളിനോട് ഓൾഡ് ട്രാഫോഡിൽ മറുപടിയില്ലാത്ത അഞ്ചു ഗോളിനും, മാഞ്ചസ്റ്ററി സിറ്റിയോട് രണ്ടു ഗോളുകൾക്കും തോറ്റ യുണൈറ്റഡ് അവസാന അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും കനത്ത തോൽവി വഴങ്ങി. എന്നിട്ടും സോൾഷെയറിനു അവസരം നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം ഇന്നലത്തെ മത്സരത്തോടെ അതവസാനിപ്പിക്കുകയായിരുന്നു.

മൂന്നു വർഷത്തോളമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷെയർ കഴിഞ്ഞ സീസണിൽ ടീമിനെ പ്രീമിയർ ലീഗിന്റെ രണ്ടാം സ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ നേരെ പുറകോട്ടായിരുന്നു. സീസണിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു എങ്കിലും അതിനു ശേഷം പുറകോട്ടു പോയ ടീമിപ്പോൾ അവസാനം കളിച്ച ഏഴു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമാണ് സ്വന്തമാക്കിയത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ, ജാഡൻ സാഞ്ചോ എന്നിവരെ ടീമിലെത്തിച്ചതിനു ശേഷവും മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനം നടത്തുന്നതിൽ സോൾഷെയറിനെതിരെ ആരാധകരുടെ രോഷം ശക്തമായിരുന്നു. വാറ്റ്ഫോഡുമായുള്ള മത്സരത്തിനു ശേഷം ക്ഷമ ചോദിക്കാൻ വേണ്ടിയെത്തിയ അദ്ദേഹത്തെ കൂക്കുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. അതെ സമയം സോൾഷെയറിനു പകരം ഇന്ററിം മാനേജർ ആയി മുൻ യുണൈറ്റഡ് താരവും അസിസ്റ്റന്റ് കോച്ചുമായ മൈക്കൽ കാരിക് ചുമതലയേൽക്കും.