‘റോഷാക്ക്’ കുടുംബ ചിത്രമെന്ന് മമ്മൂട്ടി, റിലീസിന് ദിവസങ്ങൾ ശേഷിക്കേ ആകാംഷയോടെ ആരാധകർ

ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ട്രെയ്‌ലറും ടീസറും വരെ പ്രേക്ഷകരില്‍ ആകാംക്ഷയും അത്ഭുതവും നിറച്ച മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒക്ടോബർ 6 -ന് തിയ്യേറ്ററുകളിലേക്ക്. തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്.കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സംഗീതം – മിഥുന്‍ മുകുന്ദന്‍

റോഷാക്കിനെ കുറിച്ച് മമ്മൂക്കയുടെ വാക്കുകൾ ‘റോഷാക്ക് ഫാമിലിയ്ക്ക് കാണാവുന്ന ചിത്രമാണ്. എന്റെ എല്ലാ സിനിമകളും ഫാമിലിക്ക് കാണാവുന്നതാണ്. ഓരോ കുടുംബത്തിന്റെയും കഥ ഓരോന്നാണ്. അതുപോലെ ഒരു കുടുംബ കഥയാണ് റോഷാക്കും. ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും കഥയാണ് ഇത്’, റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം. മമ്മൂട്ടിയെ എന്നാണ് ഒരു ഫാമിലി സിനിമയില്‍ കാണാനാവുക എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

ചിത്രത്തിന്റെ പേര് അവതരിപ്പിച്ചത് മുതൽ സിനിമയുടെ കഥഗതിയെ കുറിച്ച് അഭ്യുഹങ്ങൾ നിലനിൽക്കുകയാണ്. മമ്മൂട്ടി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റോഷാക്കിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് ശേഷം എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രം സൈക്കോ അല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥസന്ദർഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.