അഫാസിയ രോഗം; പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് വിടവാങ്ങുന്നു

ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയം നിർത്തുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് വിവരം കുറിപ്പിലൂടെ ആരാധകരെ അറിയിച്ചത്. അഫാസിയ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. ആശയവിനിമയ ശേഷി നഷ്ടമാകുന്നതാണ് അഫാസിയ രോഗം. ജോൺ ഹോപ്കിൻസ് വെബ്സൈറ്റ് പറയുന്നതനുസരിച്ച്, മസ്തിഷ്കത്തിന്റെ ഭാഷാ പ്രകടനത്തെയും ഗ്രഹണത്തെയും നിയന്ത്രിക്കുന്ന പ്രത്യേക ഭാഗത്തെ കേടുപാടുകൾ മൂലമുണ്ടാകുന്ന ഭാഷാ വൈകല്യമാണിത്. അഫാസിയ ബാധിച്ച വ്യക്തിക്ക് മറ്റുള്ളവരുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയില്ല.

ഡൈ ഹാർഡ്’ സീരീസിലെ ‘ജോൺ മക്ലൈൻ’ എന്ന കഥാപാത്രത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ബ്രൂസിന്റെ അപ്രതീക്ഷിതമായ പിൻവാങ്ങൽ സിനിമ ആരാധകർക്ക് വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്.

ഈ വർഷവും അഭിനയത്തിൽ സജീവമായിരുന്ന താരമാണ് ബ്രൂസ് വില്ലിസ്. കഴിഞ്ഞ വർഷം അദ്ദേഹം നായകനായ ഏഴ് സിനിമകളാണ് പുറത്തിറങ്ങിയത്. ഈ വർഷം ഇതിനോടകം മൂന്ന് സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ദ റിട്ടേൺസ് ഓഫ് ബ്രൂണോ’ എന്ന ആൽബത്തിലൂടെയായിരുന്നു ഗായകനായുള്ള വില്ലിംസിന്റ അരങ്ങേറ്റം. ’12 മങ്കീസ്’, ‘ദ സിക്സ്‍ത് സെൻസ്’, ‘പൾപ്പ് ഫിക്ഷൻ’ , ‘ആർമെഗഡൺ’ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. ഗോൾഡ് ഗ്ലോബ് അവാർഡ് ജേതാവാണ് ബ്രൂസ് വില്ലിസ്. അദ്ദേഹത്തിന് രണ്ട് തവണ എമ്മി അവാർഡുകളും ലഭിച്ചു.