യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറിലെത്തി. ആദ്യ പകുതിയുടെ ഇരുപതാം മിനിറ്റില്‍ ലിവർപൂൾ താരം കോഡി ഗാക്പോയും(20-ാം മിനുട്ടിലും) 83-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഡോണില്‍ മാലനുമാണ് നെതര്‍ലന്‍ഡ്സിനായി വല കുലുക്കിയത്. ഇന്ന് നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേിയ-തുര്‍ക്കി മത്സര വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്‍റെ എതിരാളികള്‍.
തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും ആക്രമണങ്ങളിലുമെല്ലാം മുന്നിട്ടുനിന്ന ഓറഞ്ച് പടക്ക് തന്നെയായിരുന്നു കളിയില്‍ സര്‍വാധിപത്യം. മത്സരത്തിലാകെ നെതര്‍ലന്‍ഡ് ആറ് ഷോട്ടുകൾ ഉതിർത്തപ്പോൾ റുമാനിയക്ക് ഒരു തവണ മാത്രമാണ് പോസ്റ്റിലേക്ക് ലക്ഷ്യംവെക്കാന്‍ പോലും കഴിഞ്ഞത്. ഒന്നിന് പുറകെ ഒന്നായി വരുന്ന ഓറഞ്ച് ആക്രമണങ്ങളെ പ്രതിരോധിക്കുക എന്ന പണി മാത്രമായിരുന്നു റുമാനായി ചെയ്തത്. ഇടക്ക് വല്ലപ്പോഴും നെതര്‍ലന്‍ഡ്സ് ബോക്സില്‍ പന്തെത്തിച്ചപ്പോഴാകട്ടെ അവര്‍ക്ക് ലക്ഷ്യത്തിലേക്ക് പന്തടിക്കാനുമായില്ല.