‘ദൃശ്യം ആവർത്തിക്കുമോ’? മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം നേര് നാളെ മുതൽ തിയേറ്ററുകളിലേക്ക്

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. കോർട്ട് റൂം ഡ്രാമ ഴോണറിലുള്ള നേര് മോഹൻലാലുമായുള്ള ജീത്തുവിന്റെ അഞ്ചാമത്തെ സിനിമയാണ്. നേരിന് മുമ്പ് മോഹൻലാലിനെ നായകനാക്കി ചിത്രീകരണം ആരംഭിച്ച ‘റാം’ പൂർത്തിയാക്കിയിട്ടില്ല. ‘ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ശാന്തി അഭിനയിക്കുന്നുമുണ്ട്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്‍ണു ശ്യാമുമാണ്

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹൻലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്. അതെ സമയം നേര് നല്ല മോഹൻലാൽ ചിത്രം, ബോക്സ് ഓഫീസിലെ വിധി പ്രവചിക്കാനാകില്ലെന്നു സംവിധായകൻ ജിത്തു ജോസഫ് ചിത്രത്തിന്റെ ഒരു പ്രമോഷൻ പരിപാടിയിൽ പറഞ്ഞു. കുടുംബ പ്രേക്ഷകർ നേര് ആസ്വദിക്കുമെന്ന ഉറപ്പുണ്ട്. മോഹൻലാലിനൊപ്പം ചെയ്ത മുൻ ചിത്രങ്ങൾ പോലെ വലിയ ട്വിസ്റ്റുകളും സസ്പെൻസുകളും പ്രതീക്ഷിക്കരുത്. മാസ് ഡയലോഗുകളും സിനിമയിലില്ല. തിയേറ്ററുകളിൽ പ്രേക്ഷകർക്ക് നല്ലൊരു മോഹൻലാൽ ചിത്രം പ്രതീക്ഷിക്കാം എന്നും സംവിധായകൻ ഉറപ്പ് പറഞ്ഞു.