ആക്ഷൻ കോമഡി എന്റർടൈനർ: ജയിലറിന് ശേഷം നെൽസൺ ചിത്രത്തിൽ ധനുഷ് നായകൻ

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ച സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ജയിലറിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ജയിലറിന്റെ വൻ വിജയത്തിന് ശേഷം ഏറെ ആകാംക്ഷയോടെ ആണ് പ്രേക്ഷകർ നെൽസന്റെ പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ധനുഷിനൊപ്പമായിരിക്കും നെൽസന്റെ അടുത്ത ചിത്രമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരക്കഥ പൂർത്തിയായതായും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ജനുവരിയിൽ ഉണ്ടാക്കുമെന്നും സൂചനകളുണ്ട്. ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന സിനിമ ധനുഷിന്‍റെ 51-ാമത്തെ ചിത്രമായിരിക്കും. അതെ സമയം ഈ ചിത്രം ഉലക നായകൻ കമൽഹാസന്റെ രാജ്കമല്‍ ഫിലിംസ് ആയിരിക്കും നിര്‍മ്മിക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോട്ടുകൾ ഉണ്ട്.

ക്യാപ്റ്റൻ മില്ലറിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ധനുഷ് താൻ തന്നെ സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഡി 50 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിരിക്കുകയാണ് താരം. ധനുഷ്, എസ് ജെ സൂര്യ, വിഷ്ണു വിശാൽ, കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി 50ക്ക് ശേഷം സംവിധായകൻ ശേഖർ കമ്മുലയ്‌ക്കൊപ്പമാണ് ധനുഷിന്റെ അടുത്ത ചിത്രം.

പൊങ്കൽ ചിത്രമായി തിയേറ്ററുകളിൽ എത്തുന്ന ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധാനം. അഭിനേതാക്കളിലും അണിയറപ്രവർത്തകരിലും തെന്നിന്ത്യയിലെ ഏറ്റവും മികച്ചവര്‍ ഒത്തുചേരുന്ന ചിത്രം എന്ന നിലയിലാണ് ക്യാപ്റ്റന്‍ മില്ലറിന് ലഭിക്കുന്ന പ്രീ റിലീസ് ഹൈപ്പ്. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ ആണ് നായിക. ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. സംഗീതം ജി വി പ്രകാശ്, ഛായാഗ്രഹണം സിദ്ധാർത്ഥ നൂനി, എഡിറ്റിംഗ് നാഗൂരാൻ, കലാസംവിധാനം ടി രാമലിംഗം, വസ്ത്രാലങ്കാരം പൂർണിമ രാമസാമി, കാവ്യ ശ്രീറാം, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, പബ്ലിസിറ്റി ഡിസൈനർ ട്യൂണി ജോൺ (24 എഎം), വരികൾ വിവേക്, അരുൺരാജ കാമരാജ്, ഉമാദേവി, കാബർ വാസുകി, വിഎഫ്എക്സ് സൂപ്പർവൈസർ മോനേഷ് എച്ച്, നൃത്തസംവിധാനം ഭാസ്കർ, ശബ്ദമിശ്രണം എം ആർ രാജാകൃഷ്ണൻ, പിആർഒ പ്രതീഷ് ശേഖർ.