സീസണിൽ 50-ല്‍ കൂടുതല്‍ ​ഗോളുകള്‍ നേടാൻ എംബാപ്പെക്കു സാധിക്കും: കാർലോ ആഞ്ചലോട്ടി

സീസണിൽ അൻപതിലധികം ഗോളുകൾ നേടാൻ തക്കം നിലവാരമുള്ള താരം ആണ് കിലിയൻ എംബപ്പേ എന്ന് റിയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ഈ സീസണിൽ എംബാപ്പെയ്ക്ക് 50 ​ഗോളുകൾ നേടാനാവുമോ എന്ന ചോദ്യത്തിന് അതിലുമധികം ​ഗോളുകൾ നേടാനുള്ള നിലവാരം അദ്ദേഹത്തിനുണ്ടെന്നായിരുന്നു കാർ‌ലോ ആഞ്ചലോട്ടിയുടെ മറുപടി. ‘മികച്ച നിലവാരമുള്ള താരമാണ് എംബാപ്പെ. ടീമിനൊപ്പം അദ്ദേഹം പെട്ടെന്ന് ഇണങ്ങിച്ചേരുകയും നന്നായി പ്രവർത്തിക്കുകയും ചെയ്തു. അറ്റ്ലാന്റയ്ക്കെതിരായ ആദ്യ പകുതിയിൽ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. എന്നാൽ പിന്നീട് കാര്യങ്ങൾ എളുപ്പമായി. വിനി, ബെല്ലിങ്ഹാം, റോഡ്രി​ഗോ എന്നിവ​ർ മികച്ച സംഭാവനകൾ നൽകി. രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചു’, ആഞ്ചലോട്ടി വ്യക്തമാക്കി.’ യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കിയ ശേഷം നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാർലോ.

പുതിയ സീസണിന് കിരീടനേട്ടത്തോടെ റയൽ മാ‍ഡ്രിഡ് തുടക്കമിട്ടപ്പോൾ റയലിലെ അരങ്ങേറ്റം ​ഗോളോടെ ​ഗംഭീരമാക്കിയിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. യുവേഫ സൂപ്പർ കപ്പിൽ അറ്റ്ലാന്റ എഫ്സിക്കെതിരെ മറുപടിയില്ലാത്ത രണ്ട് ​ഗോളുകള‍ുടെ വിജയം സ്വന്തമാക്കി റയൽ‌ കിരീടമുയർത്തിയപ്പോൾ മത്സരത്തിലെ ഒരു ​ഗോൾ എംബാപ്പെയുടെ സംഭാവനയായിരുന്നു. അറ്റ്ലാന്‍റയ്ക്കെതിരെ വാൽവെർദെയും വലകുലുക്കിയിരുന്നു. യൂറോപ്പ ലീ​ഗ് ജേതാക്കളായ അത്‍ലാന്റ എഫ്സിക്കെതിരെ ആദ്യ ഇലവനിൽ തന്നെ എംബാപ്പെ ഇടം നേടി. ആദ്യ പകുതിയിൽ റയലിനായിരുന്നു പന്തടക്കത്തിൽ ആധിപത്യം ഉണ്ടായിരുന്നത്. എന്നാൽ ​ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ റയൽ സംഘം പരാജയപ്പെട്ടു. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ​ഗോൾ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ആദ്യ ​ഗോൾ പിറന്നു. വിനീഷ്യസ് ജൂനിയറിന്റെ പാസിൽ ഫെഡെറിക്കോ വാൽവെർദെ പന്ത് അനായാസം വലയിലാക്കി. പിന്നാലെ 69-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ ​ഗോൾ പിറന്നു. റയലിനായി അരങ്ങേറ്റത്തിൽ തന്നെ ​ഗോൾ നേട്ടം സ്വന്തമാക്കാനും ഫ്രാൻസ് നായകന് കഴിഞ്ഞു.