എം ടിക്ക് ഇന്ന് ജന്മദിനം; ‘ഓളവും തീരവും’ സിനിമ സെറ്റിൽ പിറന്നാൾ ആഘോഷം

അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി മലയാളത്തിന്റെ ആകാശത്തു വിതച്ച മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജന്മദിനം ആണിന്ന്. നവതിയുടെ പടിവാതിൽക്കലേക്കെത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ. ആഘോഷങ്ങളോ ഔപചാരികതകളോ ഇല്ലാത്ത ജീവിതമാണെങ്കിലും ഒരു സിനിമാ സെറ്റില്‍ എംടി ഇന്ന് എത്തി. അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ വിഖ്യാത രചയിതാവിന്‍റെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്‍തു. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രീകരണം പുരോ​ഗമിക്കുന്ന ഓളവും തീരവും സിനിമയുടെ സെറ്റിലാണ് എംടി ഇന്ന് എത്തിയത്.

എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്‍റെ ഭാ​ഗമാണ് ഓളവും തീരവും. ഇനിയും പേരിട്ടിട്ടില്ലാത്ത ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍ എംടിയുടെ കഥകളുടെ ആവിഷ്കാരമാണെങ്കില്‍ ഈ ചിത്രം എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത ‘ഓളവും തീരവും’ എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ നായകന്‍. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. അണിയറപ്രവര്‍ത്തകര്‍ നല്‍കിയ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെക്കുന്ന എംടിയെ ചിത്രങ്ങളില്‍ കാണാം. ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എംടിയുടെ പിറന്നാളിനോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ സദ്യയും ഒരുക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും, മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സിനിമ- സാംസ്‌കാരിക പ്രവർത്തകരും എം ടി ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു. കഴിഞ്ഞ ദിവസം എംടിയുടെ പ്രിയസുഹൃത്തുക്കളുടെ മക്കൾ വീട്ടിലെത്തി പിറന്നാൾ ഉപഹാരം സമ്മാനിച്ചിരുന്നു. എൻ പി മുഹമ്മദിന്റെ മകൾ ജാസ്‌മിൻ, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മകൾ ഷാഹിന, തിക്കോടിയന്റെ മകൾ പുഷ്‌പ, എസ്‌ കെ പൊറ്റെക്കാട്ടിന്റെ മകൾ സുമിത്ര എന്നിവരാണ്‌ ‘സിതാര’യിലെത്തിയത്‌