‘അഭിമാന നിമിഷം’; ജി.അരവിന്ദന്‍ ചിത്രം കുമ്മാട്ടി അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്ന് മാര്‍ട്ടിന്‍ സ്‌കോസെസി

മലയാള സിനിമക്ക് അഭിമാനമായി 1979ൽ പുറത്തിറങ്ങിയ ജി.അരവിന്ദൻ ചിത്രം കുമ്മാട്ടി അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്ന് വിഖ്യാത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോസെസി.കുമ്മാട്ടിയുടെ റീമാസ്റ്റർ ചെയ്ത പതിപ്പ് ഫിലിം ഫൗണ്ടേഷൻ റീസ്റ്റോറേഷൻ സ്‌ക്രീനിങ് റൂമിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്‌കോസെസി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്നും ഇമ്പമാർന്നതും ഹൃദയഹാരിയായതെന്നും സ്‌കോസെസി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറയുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.

2021 ജൂലൈ 19ന് ഫിലിം ഫൗണ്ടേഷന്റെ വേൾഡ് സിനിമാ പ്രോജക്റ്റ്, (2007ൽ ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്‌കോർസെസി ആരംഭിച്ച പ്രൊജക്റ്റ്) ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും ഇറ്റലി ആസ്ഥാനമായുള്ള സിനിറ്റെക്ക ഡി ബൊലോഗ്‌നയും സഹകരിച്ച് വർണ്ണ പാലറ്റ് നഷ്‌ടപ്പെട്ട കുമ്മാട്ടി പുനരുദ്ധാരണം ചെയ്തിരുന്നു. “അരവിന്ദൻ ഒരു ദീർഘവീക്ഷണമുള്ള സംവിധായകനായിരുന്നു, കുമ്മാട്ടി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. ഫിലിം ഫൗണ്ടേഷന്റെ വേൾഡ് സിനിമാ പ്രോജക്റ്റ് ഈ സിനിമയെ അത് അർഹിക്കുന്ന പ്രേക്ഷകരുമായി പങ്കിടും. ഇത് ഒരു യഥാർത്ഥ കണ്ടെത്തലായി മാറുന്നു,” എന്ന് സ്‌കോസെസി പറഞ്ഞിരുന്നു. ഇറ്റലിയിലെ ബൊലോഗ്നയിലുള്ള L’Immagine Ritrovata ലാബിൽ ചിത്രം പുനഃസ്ഥാപിക്കുകയും അതിന്റെ വേൾഡ് റിസ്റ്റോറേഷൻ പ്രീമിയർ നടത്തുകയും ചെയ്തു. ആ മാസാവസാനം സിനിമാ റിട്രോവാറ്റോ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

1979ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടിയുടെ ഛായാഗ്രഹണം ഷാജി എൻ. കരുണിന്റേതാണ്. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്ണൻ, കൊട്ടറ ഗോപാലകൃഷ്ണൻ നായർ, കുട്ട്യേടത്തി വിലാസിനി എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം.ജി. രാധാകൃഷ്ണൻ, കാവാലം നാരായണ പണിക്കർ എന്നിവർ ചേർന്നാണ് സിനിമയുടെ സംഗീതം പകർന്നിരിക്കുന്നത്. കാലത്തെ അതിജീവിച്ച ഗാനങ്ങൾ കൊണ്ടും കുമ്മാട്ടി ശ്രദ്ധേയമാണ്.

https://www.instagram.com/p/Cf4OTPfORV1/