കാത്തിരിപ്പിനും വിവാദങ്ങൾക്കുമിടയിൽ അമൽ നീരദിന്റെ ‘ബോഗയ്‌ന്‍വില്ല’ പ്രേക്ഷകരിലേക്ക്

ന്യൂ ജെൻ സിനിമ ആരാധകരുടെ ഇഷ്ട്ട സംവിധായകൻ ആണ് അമൽ നീരദ്. ബിഗ് ബി മുതൽ ഭീഷ്മപർവം വരെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അമല്‍ നീരദിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രം ബോഗയ്‍ൻവില്ലയാണ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്‌ന്‍വില്ല’ ഒക്ടോബർ 17ന് തിയേറ്ററുകളിൽ എത്തും. വിദേശത്തെ വിതരണം ഫാര്‍ ഫിലിംസാണ്. 

തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വിവരം. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്.

അതെ സമയം ബോഗയ്‌ന്‍വില്ലയുടെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ വിവാദമായിരിക്കുകയാണ്. ഗാനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം. ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നാണ് ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നാണ് ആവശ്യം.

കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ അയച്ചാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കിയിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണമെന്നും പരാതിയില്‍ പറയുന്നുണ്ട്. സുഷിന്‍ ശ്യാമും മേരി ആന്‍ അലക്‌സാണ്ടറും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വിനായക് ശശികുമാര്‍ ആണ് വരികള്‍ ഒരുക്കിയത്. സുഷിന്‍ തന്നെയാണ് ഗാനത്തിന് സംഗീതം ഒരുക്കിയതും.