MOVIE REVIEW-വിനോദ് ആരാണെന്ന ചോദ്യത്തിന് ശരിയായ ഉത്തരം പ്രേക്ഷകർ സ്വയം തേടേണ്ടതുണ്ട്

ഒന്നും പറയാതെ ഒരു വിശദീകരണത്തിനും മുതിരാതെ നിങ്ങളുടെ ജീവിതത്തിൽ നിന്നും ആരെങ്കിലും ഇറങ്ങി പോയിട്ടുണ്ടോ? എന്തിനായിരിക്കും അവർ പോയത് എന്നോർത്ത് എവിടേക്ക് നീങ്ങണം എന്നറിയാതെ ഒരു തെരുവിൽ ഉപേക്ഷിക്കപെട്ടവരെ പോലെ നിങ്ങൾ നിന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ ഈ സിനിമ നിങ്ങൾക്കുള്ളതാണ്.

ബാംഗ്ലൂരിൽ ഒരു പുതിയ ബിസിനസ് തുടങ്ങാൻ സ്‌പോൺസറെ കാത്തിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഡിയർ ഫ്രണ്ട്‌. കരിയറിൽ എങ്ങുമെത്താതെ വീട്ടിൽ നിന്നുള്ള ചോദ്യങ്ങളും, അപമാനങ്ങളും, പരിവേദനങ്ങളും കേട്ട് നാളെ ഒരു നല്ല ഭാവിയുണ്ടാകും എന്നോർത്തിരിക്കുന്ന സുഹൃത്തുക്കൾ. അവരുടെ കൂട്ടത്തിലെ ഏറ്റവും എനെർജിറ്റിക് ആയ സഹായിയായ ഏറ്റവും പക്വതയുള്ള ഒരാളാണ് ടോവിനോ അവതരിപ്പിക്കുന്ന വിനോദ്. കൂട്ടത്തിലെ ഒരാൾക്ക് ഇത്തിരി പ്രയാസം വന്നാൽ ആദ്യം സഹായിക്കാൻ എത്തുന്ന ഒരാൾ. നമ്മുടെയൊക്കെ ജീവിതത്തിൽ അങ്ങനെ ഒരാളെ നമ്മൾ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. “ഇവന് എന്റെ പെങ്ങളെ അങ്ങ് കെട്ടിച്ചു കൊടുത്താലോ എന്ന് ചെറുപ്പക്കാർ ആഗ്രഹിക്കുന്ന ടൈപ്പ്” എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം. പക്ഷെ അങ്ങനെ ഒരാൾ നമ്മളോടൊന്നും പറയാതെ തീർത്തും അപ്രതീക്ഷിതമായി ഒരു ദിവസം വളരെ നിസംഗമായ ഒരു കുറിപ്പും എഴുതി നമ്മുടെ ജീവിതത്തതിൽ നിന്നും ഇറങ്ങി നടന്നാൽ അത് നമ്മെ, നമ്മുടെ സൗഹൃദ്ങ്ങളെ, ജീവിതത്തെ എങ്ങിനെയാണ് ബാധിക്കുക എന്നാണ് ഈ സിനിമ പറയുന്നത്.

അവനെന്തിനു പോയി എന്നതിന്റെ ഉത്തരം തേടുകയാണ് പിന്നെ ഈ കൂട്ടുകാർ. ആ ഉത്തരം അവർക്ക് ലഭിക്കുമോ ഇല്ലയോ എന്നത് ആണ് ഈ സിനിമ തേടുന്നത്. സിനിമയുടെ അവസാനം വിനോദിനെ കൂട്ടുകാർ കണ്ടെത്തുന്നുണ്ട്. എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്തില്ലല്ലോ എന്ന വിനോദിന്റെ ചോദ്യം അവരെ വലിയ ഒരു ചുഴിയിലേക്ക് എടുത്തെറിയുകയാണ്. ജന്നതാണ് ആകെ തകർന്നു പോകുന്നത്. സുഹൃത്തുക്കളുടെ മുകളിൽ ഉള്ള ട്രസ്റ്റ് പോകുന്നതിലും വലിയ ദ്രോഹം മറ്റെന്താണ് ഉള്ളത്. ഇനി ഒരിക്കലും മറ്റൊരാളെ വിശ്വസിക്കാൻ സാധിക്കാത്ത തരത്തിൽ അവരവരെ തന്നെ അവിശ്വസിക്കുന്ന നിലയിലേക്ക് ആ നാലുപേരെ തള്ളി വിടുകയാണ് വിനോദ് അവിടെ ചെയ്യുന്നത്. . കരിയറിനെ കുറിച്ച് ഉണ്ടായിരുന്ന എല്ലാ ആത്മവിശ്വാസങ്ങളും ഇല്ലാതാക്കി ശ്യാമിനെ അച്ഛന്റെ ഇഷ്ടത്തിന് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ആണ് അതിൽ ഏറ്റവും ക്രൂരമായി പോകുന്നത്.

തനിക്ക് എന്തെങ്കിലും പുതുതായി ചെയ്യാനാകും എന്ന ശ്യാമിന്റെ വിശ്വാസത്തെ താൻ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണ് എന്ന ബോധ്യത്തെയും ധൈര്യത്തേയും ആണ് വിനോദ് ഇല്ലാതെയാക്കിയത്. ആളുകളെ മനസിലാക്കാൻ തനിക്ക് സാധിക്കും എന്ന ജന്നത്തിന്റെ വിശ്വാസമാണ് അവിടെ തകർന്നത്. എന്ത് വന്നാലും വിനോദ് ഉണ്ടാകും കൂടെ എന്ന ‘മേ ഹൂനാ’ എന്നുള്ള അവന്റെ ഉറപ്പുകളെ വിശ്വസിച്ചാണ് ജന്നത്ത് തന്റെ തീരുമാനങ്ങളെ കൈക്കൊള്ളുന്നത്.

അതെ സമയം വിനോദ് ആളുകളിൽ കോൺഫിഡൻസ് ഉണ്ടാക്കുന്നുണ്ട്. ബേസിലിന്റെ കഥാപാത്രമായ സജിത്തിന്‌ കോഡിങ്ങാണ് എന്റെ ഭാഷ എന്ന് പറയാൻ, പുതിയ ജീവിതം തുടങ്ങാൻ,പുതിയ കാര്യങ്ങളിൽ വിശ്വസിക്കാൻ ഒക്കെ കൂടെ നില്ക്കാൻ സാധിക്കുന്ന ഒരാളാണ് വിനോദ്. വിനോദിന്റെ പഴയ ജീവിതത്തിലും കൂടെ നിൽക്കുന്നവർക്കെല്ലാം ഏറ്റവും വേണ്ടപ്പെട്ട ആളായി ആണ് വിനോദ് പെരുമാറുന്നത്. കൂട്ടുകാരന് സംഗീതം ചെയ്യാൻ അമ്മയ്ക്ക് ക്ളോക്ക് നേരെയാക്കാൻ ‘അമ്മ മരിക്കുമ്പോൾ കൂട്ടുകാരന് ഒരു വിവാഹം ആലോചിക്കാൻ അങ്ങനെ ജീവിതത്തിൽ ഒറ്റയായി പോയേക്കാം എന്ന് തോന്നുന്ന ആളുകളെ ഒക്കെ പുതിയ തുരുത്തുകളിലേക്ക് എത്തിക്കാൻ ആണ് വിനോദ് ശ്രമിക്കുന്നത്. പക്ഷെ അവൻ ഇല്ലാതെ ആകുന്നതോടെ അവരുടെയൊക്കെ ജീവിതം കീഴ്മേൽ മറിയുന്നതാണ് നാം കാണുന്നത്. ഒരുപാട് പേരെ ചേർത്ത് നിർത്തുന്ന ഒരു കണ്ണിയാണ് വിനോദ്. ആ കണ്ണി ഒരു ദിവസം മുറിയുന്നതോടെ ഈ ചേർന്നു നിന്നവരെല്ലാം കേട്ട് പൊട്ടി എങ്ങോട്ടോ പോവുകയാണ്. ഈ വിനോദ് ആരാണ് എന്ന ചോദ്യത്തിന് ശരിയായ ഉത്തരം പ്രേക്ഷകർ സ്വയം തേടേണ്ടതുണ്ട്.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാകാൻ സാധ്യത ഇല്ല ഡിയർ ഫ്രണ്ട്. പക്ഷെ സിനിമ കഴിഞ്ഞാലും നമ്മുടെ ചിന്തകളെ ദീർഘനേരം കയ്യടക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

സിനിമയുടെ സംവിധാനം നടൻ കൂടിയായ വിനീത് കുമാറാണ്. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ‘അയാൾ ഞാനല്ല’ ആണ് വിനീത് കുമാറിന്റെ ആദ്യ ചിത്രം.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് അർജുൻലാലും ഷറഫുവും സുഹാസും ചേർന്നാണ്. ഷൈജു ഖാലിദിന്റെ ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസിന്റെ മ്യൂസികും ദീപു തോമസിന്റെ എഡിറ്റും സിനിമയുടെ ഒഴുക്കിനെ ഏറ്റവും നന്നായി മുന്നോട്ടു പോകുന്നതിൽ ഒരു പോലെ നിർണായക പങ്കു വഹിക്കുന്നുണ്ട്. പഴയകാല നടി രേഖ, ജാഫർ ഇടുക്കി എന്നിവരുടെ സാനിധ്യം ചിത്രത്തിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്. ടോവിനോ തോമസ്. ദർശന, ബേസിൽ ജോസഫ് തന്മാത്ര ഫെയിം അർജുൻ ലാൽ പടയിലെ കളക്ടർ ആയി എത്തിയ അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.