MOVIE REVIEW-പ്രതിലോമ ശക്തികൾ മായ്ച്ചു കളയുന്ന ‘ഉദ്ധം സിംഗ്’ ശക്തമായൊരു രാഷ്ട്രീയ പ്രസ്താവന ആണ്

ഇന്ത്യൻ ദേശീയ സമര ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട ഒരു വിപ്ലവ പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്ന, ധീരമായ സിനിമയാണ് “സർദാർ ഉദ്ധം”. നമ്മുടെ ഈ സാമ്രാജ്യത്വ വിരുദ്ധ സമര പൈതൃകത്തെ മായ്ച്ചുകളയാൻ തീവ്രവലതുപക്ഷം ഇന്ന് കിണഞ്ഞ് പരിശ്രമിക്കുകയാണല്ലോ. വംശീയ വിദ്വേഷത്തിലൂന്നിയ സങ്കുചിത ദേശഭക്തി കൈമുതലാക്കി പൊതുസമൂഹത്തെ ഭിന്നിപ്പിക്കുന്ന ഈ പ്രതിലോമ ശക്തികൾക്ക് മുന്നിൽ രാഷ്ട്രീയ പ്രതിരോധത്തിനൊരു പുത്തൻ സാധ്യത നല്കുകയാണീ സിനിമ. ഇതിനോടനുബന്ധിച്ചുണ്ടായ ഓസ്കാർ നോമിനേഷൻ വിവാദങ്ങൾ സങ്കുചിത മത ദേശീയ വാദികളുടെ ഈയർത്ഥത്തിലുള്ള ഉത്കണ്ഠകളെ തുറന്നുകാട്ടുന്നുണ്ട്. ആ അർത്ഥത്തിൽ വലിയ പ്രസക്തിയുള്ള “സർദാർ ഉദ്ധം” കുറേക്കൂടി വിപുലവും ആഴമുള്ളതുമായ ചർച്ചകൾക്ക് വിധേയമാകേണ്ടതുണ്ടെന്ന് തോന്നുന്നു.

ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഹീനമായ കൂട്ടക്കുരുതികളിലൊന്നാണ് 1919 ൽ ജാലിയൻവാലാബാഗിലുണ്ടായത്. കിരാതമായ ഈ വെടിവെപ്പിനുത്തരവിട്ട , അന്നത്തെ പഞ്ചാബ് ഗവർണ്ണർ മൈക്കേൽ ഓ ഡയറിനെ വെടിവെച്ചുകൊന്ന, ധീര വിപ്ലവകാരി ഉദ്ധം സിംഗിന്റെ കഥയാണ് ഈ സിനിമ. വർഷങ്ങളോളം നീണ്ട ആസൂത്രണത്തിലൂടെയും തയ്യാറെടുപ്പുകൾക്കൊടുവിലും ലണ്ടനിൽ വെച്ച് 1940 ലാണ് ഈ കൊലപാതകം നടക്കുന്നത്. ഒരു പ്രതികാരനടപടി എന്നതിനേക്കാൾ പ്രതീകാത്മകമായ (symbolic) രാഷ്ട്രീയ ചെയ്തിയാണ് ഉദ്ധം സിംഗിനീ കൃത്യം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ, ഇന്ത്യൻ പരമാധികാരത്തിനു വേണ്ടി നടത്തുന്ന വിപ്ലവപ്രവർത്തനമായാണ് കൊലപാതകവും അതിനായുള്ള തയ്യാറെടുപ്പുകളെയും, അതിനു ശേഷം വരുന്ന കോടതി വ്യവഹാരങ്ങളെയും, അയാൾ വിശേഷിപ്പിക്കുന്നത്. സിനിമ ചിത്രീകരിക്കുന്നത് ഈ സംഭവവികാസങ്ങളെയാണ്.

ഇതുവഴി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സവിശേഷമായ മാർക്സിസ്റ്റ്, ലെനിനിസ്റ്റ് വിപ്ലവ ധാരയുടെ പ്രതിനിധിയാണ് ഉദ്ധം സിംഗെന്ന വിസ്മരിക്കപ്പെട്ട ചരിത്ര വസ്തുത വെളിച്ചത്തുവരുന്നു. അങ്ങനെ ധീര വിപ്ലവകാരി ഭഗത് സിംഗും ഉദ്ധം സിംഗും കൂട്ടരും തെളിയിച്ച, ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (Hindustan Socialist Republican Association, HSRA) , ഗദ്ധർ പാർട്ടി പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ സിനിമ. സാർവദേശീയവും പുരോഗമനപരവുമായ തൊഴിലാളിവർഗ്ഗ ബോധത്തിലധിഷ്ഠിതമായ സാമ്രാജ്യത്വ വിരുദ്ധതയായിരുന്നു ഇവരുടെ കൈമുതൽ. സമഗ്രമായ രാഷ്ട്രീയ വീക്ഷണവും, ഉന്നതമായ ത്യാഗ സന്നദ്ധതയും വെച്ചുപുലർത്തിയ ഈയൊരു വിപ്ലവ പാരമ്പര്യത്തിന്റെ നാൾവഴികളാണ് “സർദാർ ഉദ്ധം” വരച്ചുവെക്കുന്നത്.

ഇത്തരത്തിൽ ഇന്ത്യൻ ദേശീയ സമരത്തിലെ നിർണായകമായൊരു കാലഘട്ടത്തെ സിനിമ കാണിക്കുന്നുണ്ട്. രണ്ടുപതിറ്റാണ്ടു നീണ്ട ഉദ്ധം സിംഗിന്റെ കാത്തിരിപ്പും, തയ്യാറെടുപ്പുകൾക്കുമുപരി, സങ്കീര്ണമായൊരു ചരിത്രസന്ദർഭം തെളിഞ്ഞുവരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തെ ബ്രിട്ടൺ, സൂര്യനസ്തമിക്കാത്ത കൊളോണിയൽ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ലണ്ടൻ, കോളനി രാജ്യങ്ങളുടെ വിപ്ലവ മോഹങ്ങൾക്ക് പിന്തുണ നൽകുന്ന പുതിയ ലോകശക്തിയായ സോവിയറ്റ് യൂണിയൻ, ഒക്ടോബർ വിപ്ലവത്തിന് ശേഷം ലോകമെങ്ങുമുയർന്നു വന്ന വിപ്ലവ പ്രസ്ഥാനങ്ങൾ, നാസി ജർമനിയുടെ പൈശാചികതകൾ, ഐറിഷ് റിപ്പബ്ലിക്കൻ ആർമി, ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യൻ ജനതയനുഭവിക്കുന്ന ചൂഷണങ്ങളും ദുരിതവും, അങ്ങനെ സിനിമ കാണിച്ചുതരുന്ന കാര്യങ്ങളേറെയാണ്. വിശാലമായ ഈ ക്യാൻവാസിൽ ഉദ്ധം സിംഗിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും വസ്തുനിഷ്ഠമായി അവതരിപ്പിച്ചിരിക്കുന്നു.

അതിവൈകാരികതയുടെ പിൻപറ്റി നാടകീയമായി അവതരിപ്പിക്കാമായിരുന്ന ഈ കാര്യങ്ങളെ, സങ്കുചിത ദേശഭക്തിയുടെ നിറം പൂശാതെ, വസ്തുനിഷ്ഠമായി കാണിച്ചിരിക്കുന്നുവെന്നതാണ് “സർദാർ ഉദ്ധം” നെ വ്യത്യസ്തമാക്കുന്നത്. സംവിധായകൻ ഷൂജിത് സർക്കാർ കാണിച്ചിരിക്കുന്ന ഈ അവധാനത പ്രശംസനീയമാണ്. പ്രതിപാദ്യമായ രാഷ്ട്രീയ, ചരിത്ര മുഹൂർത്തത്തെ, അതിന്റെ എല്ലാ ഗഹനതയോടും കൂടെ നമുക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. അവിടെ നായകനോ പ്രതിനായകനോ ഇവരുടെ നാടകീയ സംഘട്ടനങ്ങളോ ഇല്ല. മറിച്ചു വിശാലമായ സാമൂഹിക, സാമ്പത്തിക ക്രമവും, അതിനകത്ത് ജീവിക്കുന്ന മനുഷ്യരുമാണുള്ളത്. അവർക്കിടയിലൊരാളായി തന്റെ രാഷ്ട്രീയ കർത്തവ്യം നിർവഹിക്കുന്ന ഉദ്ധം സിംഗുമുണ്ട്.

അതിനാൽ തന്നെ ഈ കഥാപാത്രം അതിമാനുഷികമായ ആകർഷണ ഗുണങ്ങളുള്ള മനുഷ്യനല്ല. ദേശഭക്തി തുളുമ്പുന്ന അതിനാടകീയ ചെയ്തികൾ കാണിച്ചു കയ്യടി വാങ്ങുന്നുമില്ല. മറിച്ചു താനേറ്റെടുത്ത കടമയുടെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരു വിപ്ലവകാരിയാണദ്ദേഹം. അതിനു ചേർന്ന തെളിമയും വ്യക്തതയും അയാളുടെ നോക്കിലും നടപ്പിലുമുണ്ട്. ഉദ്ധം സിംഗായി അഭിനയിച്ച വിക്കി കൗശൽ തന്റെ കഥാപാത്രത്തിനനുയോജ്യമായ ഗൗരവം സിനിമയിലുടനീളം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഒരു ലോക ചരിത്ര മുഹൂർത്തത്തിൽ പ്രത്യക്ഷപ്പെടുന്ന വിവിധ മനുഷ്യരായി (ഇന്ത്യൻ വിപ്ലവകാരികൾ, ബ്രിട്ടീഷ് അധികാരികൾ, റഷ്യൻ ഭരണകൂടം, ഇവിടെയെല്ലായിടത്തുമുള്ള നൂറുകണക്കിന് ആളുകൾ) സിനിമയിലെ മറ്റു അഭിനേതാക്കളും ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.

സിനിമയിലെ വിഷ്വൽ ഭാഷയാണ് (visual language) പരാമർശമർഹിക്കുന്ന മറ്റൊരു ഘടകം. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ വ്യാപ്തി കൃത്യമായി ഉൾക്കൊള്ളുന്ന ആഖ്യാനം ഷൂജിത് സർക്കാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇളം നീല, മഞ്ഞ, കറുപ്പ് കളറുകൾ ഉൾക്കൊള്ളുന്ന ഒരു പാലെറ്റ് (palette) ആണ് ഫ്രെയിമുകൾക്കുള്ളത്. പറയുന്ന കഥയുടെ ശോകവും ഒരു ചരിത്ര സിനിമയുടെ (period cinema) ഭാവവും ഈ തെരഞ്ഞെടുപ്പിലൂടെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ സ്വാഭാവികവും (natural) മിനിമലുമായ (minimal) ലൈറ്റിംഗ് ആണ് സിനിമയുടേത്. നിശ്ചലമായ, സ്ഥായിയായ, ഷോട്ടുകൾക്ക് പകരം ക്യാമറ കഥാസന്ദർഭങ്ങൾക്കകത്ത് നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്നു. ഇതുകൊണ്ട് ഒരു നാടകീയമായ കലാസൃഷ്ടി എന്നതിനുപരി, യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഗൗരവമാർന്ന ഡോക്യുമെന്ററിയുടെ അനുഭവം പ്രദാനം ചെയ്യാൻ, സിനിമക്ക് സാധിക്കുന്നുണ്ട്. അതെ സമയം ഒരു എപിക് ത്രില്ലർ (epic thriller) ഭാവവും ഇതിൽ നിന്ന് ലഭിക്കുന്നു. കഥാപാത്രങ്ങൾ ഈ സിനിമയിൽ പ്രാധാന്യമുള്ളവരാണ്. പക്ഷെ, അതിലേറെ പ്രാധാന്യം ആ ചരിത്ര മുഹൂർത്തത്തിനുണ്ട്. അതിനാൽ അനാവശ്യമായ എക്സ്ട്രീം ക്ലോസ്‌ അപ്പ് ഷോട്ടുകളോ (extreme close up) , ഷാലോ ഫോക്കസ് (shallow focus) ലെൻസിങ്ങോ, സ്ലോ മോഷൻ (slow motion) തട്ടുപൊളിപ്പൻ പരിപാടികളോ സിനിമയിലില്ല. പക്ഷെ രാഷ്ട്രീയ, ചരിത്ര, ഭൂമിശാസ്ത്ര ചുറ്റുപാടുകളെ കൃത്യമായി അടയാളപ്പെടുത്തുന്ന ലോംഗ്ഷോട്ടുകൾ (long shot) ധാരാളമായുണ്ട് താനും.

അതുപോലെ ദൃശ്യാഖ്യാനത്തിന്റെ സാങ്കേതികതകളിൽ അമിതമായി ഊന്നാനോ സൗന്ദര്യവൽക്കരണത്തിനോ “സർദാർ ഉദ്ധം” ശ്രമിക്കുന്നില്ല. ഉദ്ധം സിംഗ് മൈക്കേൽ ഓ ഡയറിനെ കൊല്ലുന്ന രംഗം, ജാലിയൻവാലാബാഗ് കൂട്ടക്കൊല, അതിനു ശേഷമുള്ള ആ കരാള രാത്രി തുടങ്ങി ലാവണ്യ മേന്മക്ക് വേണ്ടി മോടി കാട്ടാവുന്ന ഒരുപാട് സന്ദർഭങ്ങൾ പ്രതിപാദ്യത്തിലുണ്ട്. പക്ഷെ, വ്യക്തമായ രാഷ്ട്രീയ പ്രബുദ്ധതയോടെ ആ പ്രലോഭനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് സംവിധായകൻ.

അതിവൈകാരികതയിലൂന്നി കാണികളെ ത്രസിപ്പിക്കാൻ ശ്രമിക്കാതെ, ആഴമുള്ള കഥാപാത്രങ്ങളെയും ആധികാരികമായ ചരിത്രമുഹൂർത്തങ്ങളെയും, സൃഷ്ടിക്കാനുള്ള ശ്രമമാണ് “സർദാർ ഉദ്ധം” ന്റേത്. ബ്രിട്ടീഷ് സാമ്രാജ്യത്വമേൽപ്പിച്ച ആഘാതങ്ങളെയും, രാഷ്ട്രീയ, സാമൂഹിക അടിമത്തത്തിൻെറയും കാലഘട്ടത്തെ അതിന്റെ എല്ലാ ക്ലിഷ്ടതകളോടെയുമാണ് കാണിച്ചിരിക്കുന്നത്. ഈയൊരു ചൂഷണ മർദ്ദന വ്യവസ്ഥക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളും ധാരാളം ക്ലേശങ്ങളിലൂടെ കടന്നുപോകും. സമരമുന്നേറ്റങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ വളരെ പ്രയാസമേറിയതായിരിക്കും. ആയുധങ്ങളിലൂടെയുള്ള പ്രതിരോധമാകുമ്പോൾ തയ്യാറെടുപ്പുകൾ വളരെയേറെ മടുപ്പിക്കുന്നതുമാവും. ജനകീയ സമര മുന്നേറ്റങ്ങളെന്നാൽ ത്രസിപ്പിക്കുന്ന സാഹസികതകൾ മാത്രമല്ലെന്നും, സംഘാടനത്തിന്റെയും ആസൂത്രണത്തിന്റെയും മുഷിപ്പും വിഘ്‌നങ്ങളും കൂടിയാണെന്നും, സിനിമ ഓര്മിപ്പിക്കുന്നുണ്ട്.

ദൈർഘ്യമേറിയതും മെല്ലെ പോവുന്നതുമായ ആഖ്യാനം- ഉദ്ധം സിംഗിന്റെ നീണ്ട യാത്രകളും, ലണ്ടനിലെ തയ്യാറെടുപ്പുകളും, വിചാരണയും, ജയിൽ വാസവുമെല്ലാം- ഈ മടുപ്പിനെയാണ് കാണിക്കുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ശേഷമുള്ള രാത്രിയുടെ സവിസ്തരമായ ചിത്രീകരണം കാണികൾക്ക് മടുപ്പുണ്ടാക്കിയേക്കാം. പക്ഷെ ചരിത്രപരമായ ആ ഹീനത നേരിലനുഭവിച്ചൊരാൾക്ക് ഒരിക്കലും അന്ത്യമില്ലാത്ത രാത്രിയായിരിക്കുമത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കണ്ണുവെട്ടിച്ചു ലണ്ടനിലെത്തി, കൂലങ്കഷമായ ആസൂത്രണത്തിലൂടെ ആ പ്രതീകാത്മക കൊലപാതകം നടത്തുകയെന്നാൽ, എഡിറ്റിംഗിലൂടെ മുറിച്ചുമാറ്റി മോടി കൂട്ടാവുന്ന കുടുംബ തമാശയല്ല. എല്ലുറച്ചു പോകുന്ന സൈബീരിയൻ തണുപ്പിനെ പോലും അതിജീവിച്ച പോരാട്ടവീര്യമാണത്. അങ്ങനെയുള്ള കോടിക്കണക്കിനു പേരുടെ വീര്യത്തിൻെറയും, ഇച്ഛാശക്തിയുടെയും ഫലമാണ് നമ്മളുടെ രാഷ്ട്രീയ സ്വാതന്ത്ര്യമെന്ന ഓർമപ്പെടുത്തലാണ് സിനിമയുടെ ദീർഘമായ, സവിസ്തരമുള്ള, ആഖ്യാനം.

ഇങ്ങനെ പ്രതിപാദ്യ വിഷയത്തിന്റെ പ്രാധാന്യം ആഖ്യാനത്തിന്റെ സവിശേഷതകളിലേക്കും സാങ്കേതികതയിലേക്കും കൂടി ആവാഹിച്ച അപൂർവ്വ ഇന്ത്യൻ സിനിമയാണ് “സർദാർ ഉദ്ധം”. സമഗ്രമായ അർത്ഥത്തിൽ ഇന്ത്യക്കഭിമാനിക്കാവുന്ന ഒരു അന്താരാഷ്ട്ര ചിത്രം. പക്ഷെ, വിസ്മരിക്കപ്പെട്ടുപോയ ഒരു ചരിത്രയേടിനെ വെളിച്ചത്തുകൊണ്ടു വന്നതിനാലാവണം, വേണ്ടത്ര ശ്രദ്ധ ലഭിച്ചുവോ എന്ന കാര്യം സംശയമാണ്. ഇന്ത്യൻ ദേശീയതയെന്നത് തങ്ങളുടെത് മാത്രമാണെന്ന്, (സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ഒരു പാരമ്പര്യവുമില്ലാത്ത) തീവ്ര വലതുപക്ഷം അവകാശപ്പെടുന്ന ഈ കാലത്ത്, അവ്യാജമായ അത്തരം പല പാരമ്പര്യവും ഈ പ്രതിലോമ ശക്തികൾ മായ്ച്ചുകളയുന്ന ഇന്ന്, ഈ സിനിമ ശക്തമായൊരു രാഷ്ട്രീയ പ്രസ്താവന തന്നെയാണ്.