Review-മദനോത്സവം പൊളിറ്റിക്കൽ സറ്റയറിന്റെ ഉടുപ്പിട്ട ഇടത് വിരുദ്ധതയാണ്

ഇ.സന്തോഷ്കുമാറിന്റെ ‘തങ്കച്ചൻ മഞ്ഞക്കാരൻ’ എന്ന കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണപ്പൊതുവാൾ തിരക്കഥയെഴുതി സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിൽ വിഷു റിലീസായ് എത്തിയ പൊളിറ്റിക്കൽ സറ്റയർ ഴോണറിലുള്ള ചിത്രമാണ് മദനോൽസവം. വിഷയങ്ങളിലെ പുതുമയും മികച്ച കാസ്റ്റിങ്ങുമാണു രതീഷിന്റെ ചിത്രങ്ങളുടെ മേന്മ, ഈ ചിത്രവും അക്കാര്യത്തിൽ വിഭിന്നമല്ല. സുരാജ് വെഞ്ഞാറമൂടും, സന്തോഷ് മാധവനും, രഞ്ജി കാങ്കോലും, പി പി കുഞ്ഞികൃഷ്ണനും ഉൾപ്പെടെ രതീഷിന്റെ മുൻ ചിത്രങ്ങളിലൂടെ തന്നെ നമുക്ക് പരിചിതരായ അനുഗ്രഹീതരായ ഒരു കൂട്ടം അഭിനേതാക്കൾ ഈ ചിത്രത്തിലുമുണ്ട്. സുരാജ് അവതരിപ്പിക്കുന്ന മദനന്റെ അമ്മായിയായി വന്ന നടിയും മികച്ച പ്രകടനമായിരുന്നു. ബാബു ആന്റണിയെ കുറേക്കാലത്തിനു ശേഷം ഒരു പുതിയ ഗെറ്റപ്പിൽ കാണാൻ പറ്റി.

ഹിന്ദുത്വ വർഗ്ഗീയതയുടെ ആക്രമണങ്ങൾക്കും, വിധ്വംസകതയ്ക്കും ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ അതിനും മുകളിലായ് അധികാര പ്രമത്തതയും മുഷ്കും കൈമുതലായുള്ള കേരളത്തിലെ രാഷ്ട്രീയ സാന്നിധ്യമാണു കേരളത്തിലെ ഇടത് പക്ഷ പാർട്ടി എന്ന് രണ്ട് മണിക്കൂർ ഒൻപത് മിനിറ്റിൽ സ്ഥാപിച്ചെടുക്കലാണു രതീഷ് പൊതുവാളിന്റെയും സംവിധായകന്റെയും അജണ്ട. അക്കാര്യത്തിൽ ഇരുവരും 100 ശതമാനം അർപ്പണ ബോധത്തോടെ പണിയെടുത്തിട്ടുമുണ്ട്. കോഴിക്കുഞ്ഞുങ്ങൾക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന ആളാണ് സുരാജിന്റെ കേന്ദ്ര കഥാപാത്രമായ മദനൻ. തന്റെ പേരു കാരണം അസംബ്ലി ഇലക്ഷനിൽ താൻ പോലുമറിയാതെ അപരനായി നിൽക്കേണ്ടി വന്ന, ജീവിതം കഷ്ട്ടപ്പെട്ടു മുന്നോട്ട് കൊണ്ട് പോകുന്ന മദനൻ എന്ന സാധാരണക്കാരനായ യുവാവിന്റെയും, അയാളുടെ ജീവിതത്തിൽ വന്ന് പെടുന്ന ദരിദ്രരായ സവർണ്ണ യുവാക്കളുടെയും കഥയാണു അതിനായവർ കൂട്ട് പിടിച്ചിരിക്കുന്നത്.

കേരളത്തിലെ ഇടത്പക്ഷ തുടർഭരണ കാലഘട്ടത്തിൽ അടുപ്പിൽ തീ പുകയാത്തത് കൊണ്ട് ജീവിക്കാൻ വേണ്ടി ക്വട്ടേഷൻ പണി എടുക്കേണ്ടി വരുന്ന നമ്പൂതിരി യുവാക്കളായ അച്യുതൻ നമ്പൂതിയും ശങ്കരൻ നമ്പൂതിരിയും. അങ്ങനെ 1957-ൽ ഭൂപരിഷ്കരണം നടത്തി ബ്രാഹ്മണരെ ഒക്കെ വഴിയാധാരമാക്കിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ മുതൽ, ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലണമെന്ന് പാർട്ടി പറഞ്ഞിട്ടാണു അല്ലെങ്കിൽ നീയുമായൊന്നും സഹവസിക്കേണ്ടി വരില്ല എന്ന് പറയുന്ന, തലയ്ക്ക് മുകളിലെ അപകടത്തെക്കുറിച്ച് ഒരു മുന്നറിയിപ്പും കൊടുക്കാതെ ചിണ്ടനെ രക്തസാക്ഷിത്വത്തിലേയ്ക്ക് വിട്ട് കൊടുക്കുന്ന പ്രാദേശിക നേതാവും, പാർട്ടിയുടെ ഉരുക്ക് മുഷ്ടിയാൽ ഞെരിഞ്ഞ് അമരുന്ന അടിസ്ഥാന വർഗ്ഗക്കാരൻ അണി, പോരാളി ചിണ്ടനും ഒക്കെയായി നിരവധി ബിംബങ്ങൾ അവതരിപ്പിച്ച് കൊണ്ടാണു തങ്ങളൂടെ വിഷയാവതരണത്തിലെ ആത്മാർത്ഥത രതീഷ് പൊതുവാളും, സുധീഷ് ഗോപിനാഥും തെളിയിക്കുന്നത്. ആ വ്യഗ്രതയ്ക്കിടയിൽ ആദ്യപകുതിയിൽ മേൽകൈ ഉണ്ടായിരുന്ന സ്വാഭാവിക ഹാസ്യം പിന്നീട് കൈമോശം വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ചിരിപ്പിക്കാൻ ഉണ്ടാക്കിയ പല രംഗങ്ങളും പാതി വെന്ത രീതിയിൽ ആണ് അനുഭവപ്പെട്ടത്. പക്ഷേ ഓട്ടോക്കാരനും, ചെറുകിട കച്ചവടക്കാരനും ബസ് ഡ്രൈവറുമൊക്കെ കമ്യൂണിസ്റ്റ്കാരാണെന്നും, അണികളാണീ പാർട്ടിയുടെ ബലമെന്നും, വർഗ്ഗീയപാർട്ടിക്കാരൻ കാശിറക്കിയാണു ആളെക്കൂട്ടുന്നതെന്നും, കേരളം വിട്ടാലും രണ്ടാമത്തെ കൂട്ടരിൽ നിന്നും മോചനമില്ലെന്നും രതീഷ് കൂട്ടിച്ചേർക്കുന്നുണ്ട്.

ജനപ്രിയ സിനിമയുടെ കമ്പോള യുക്തികൾക്ക് താൽപര്യമുള്ള കഥാപശ്ചാത്തലങ്ങളിൽ ഒന്നാണ് രാഷ്ട്രീയ പ്രവർത്തകരെ/ രാഷ്ട്രീയ പ്രവർത്തനത്തെ എല്ലാം ഒരു കോമാളി വേഷത്തിൽ അവതരിപ്പിക്കുന്നത്. ‘കോൺഗ്രസ്സ് പാളയത്തിൽ സ്ഥാനാർത്തിയെച്ചൊല്ലി അടിയാണെന്ന’ ഒരേയൊരു വാചകത്തിലൂടെ ‘ന്നാ താൻ കേസുകൊട്’ എന്ന തന്റെ മുൻ ചിത്രത്തിൽ കോൺഗ്രസ്സ്കാരെ ഒഴിവാക്കി എന്ന വിമർശനത്തിന്റെ വായടപ്പിക്കാൻ തിരക്കഥാകൃത്തിനു മദനോത്സവത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ കിഴക്കൻ കാസർഗോഡിന്റെ പച്ചപ്പുള്ള ഭൂമികയിൽ, സാധാരണയിൽ സാധാരണക്കാരായ മനുഷ്യ ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ,പൊളിറ്റിക്കൽ സറ്റയർ ഉടുപ്പണിയിച്ച് നർമ്മത്തിന്റെ മേമ്പൊടിയോടെ രതീഷ് പൊതുവാൾ അണിയിച്ചൊരുക്കുന്ന ഇടതു വിരുദ്ധതയാണു മദനോത്സവം.