പുഴു, ഭീഷ്മപർവ്വം, നൻ പകൽ നേരത്ത് മയക്കം; ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ

കൊവിഡ് കാലം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ ഒന്നാണ് സിനിമ മേഖല. കൊവിഡ് ഒന്ന് രണ്ട് തരംഗങ്ങള്‍ ഉയര്‍ത്തിയ ക്ഷീണം സിനിമ വ്യവസായത്തെ സംബന്ധിച്ച് മാറി വരികയാണ്. ഡിസംബര്‍ മാസം പിറന്നതോടെ നിരവധി സിനിമകളാണ് റിലീസിനായി ഒരുങ്ങുന്നത്. കുറുപ്പ്, ജാൻ എ മാൻ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഭീമന്റെ വഴി എന്നിവ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ഉണ്ടാക്കിയത്. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ഒന്നിലധികം ചിത്രങ്ങൾ ഇനിയും ഡിസംബറിൽ തിയേറ്ററുകളിലും, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലുമായി റിലീസിനൊരുങ്ങുന്നുണ്ട്.

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ളതും, ഷൂട്ടിങ് പുരോഗമിക്കുന്നതുമായ ചിത്രങ്ങൾ ആരാധകരെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്. തിയ്യേറ്ററുകളെ ആഘോഷമാക്കാനും, അതെ സമയം ഗംഭീരമായ അഭിനയമുഹൂര്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും കെൽപുള്ള മെഗാസ്റ്റാറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം

നൻ പകൽ നേരത്ത് മയക്കം

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ പുതുമയാർന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.പളനിയിൽ ആണ് ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. തമിഴും മലയാളവും ഇടകലർന്ന പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്.ലിജോയും മമ്മൂട്ടിയും ആദ്യമായാണ് ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ കീഴിലുള്ള മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനിയും ലിജോ ജോസ് പല്ലിശ്ശേരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ അമരത്തിനു ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് .

ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലിജോയും മെഗാസ്റ്റാറും ഒന്നിക്കുന്നത് കൊണ്ട് ആരാധകർക്ക് വളരെയധികം പ്രതീക്ഷയാണ് ചിത്രത്തിനെ കുറിച്ചുള്ളത്.തന്റെതായ രീതിയിൽ സിനിമയെ മറ്റൊരു തലത്തിൽ കൊണ്ടുവന്ന ലിജോയുടെ സംവിധാന മികവ് ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായതാണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷും ആണ്.

പുഴു

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ എന്ന ചിത്രം ഇതിനോടകം റിലീസിന് തയ്യാറായി കഴിഞ്ഞു. കയ്യിൽ തോക്കുമായി കാറിൽ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. നവാഗതയായ റത്തീന ശർഷാദാണ് ചിത്രത്തിന്റെ സംവിധാനം. ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ച് മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന. പ്രമുഖ ക്യാമറാമാൻ തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകൻ. ദുൽഖര്‍ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വിഷ്‍ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഭീഷ്മപർവ്വം

ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മപര്‍വ്വം ആണ് മമ്മൂട്ടി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം . എന്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

സി ബി ഐ 5

മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സി ബി ഐ 5 ആണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. മലയാള കുറ്റാന്വേഷണ സിനിമാ ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റായ സി ബി ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഗമാണ് ഇത്. ഇത്തവണയും എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് സി ബി ഐ -5 നിര്‍മ്മിക്കുന്നത്.

സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.