‘സ്‌പോർട്‌സ് ഡ്രാമ ‘; ധ്രുവ് വിക്രം – മാരി സെൽവരാജ് ചിത്രം ‘ബൈസൺ ‘ പോസ്റ്റർ എത്തി

ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബൈസണി’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കൂറ്റർ കാളയുടെ അസ്ഥികുട തല മറച്ച് പിടിച്ച് നിൽക്കുന്ന ധ്രുവ് ആണ് പോസ്റ്ററിൽ ഉള്ളത്. ധ്രുവിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ആയിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. സൂപ്പർ ഹിറ്റായ വാഴൈ സിനിമയ്ക്ക് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ബൈസൺ ഒരു സ്‌പോർട്‌സ് ഡ്രാമയാണെന്നാണ് സൂചന. അനുപമ പരമേശ്വരൻ ആണ് നായിക. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മാരി സെൽവരാജ് ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്, “എന്റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നു, പാ രഞ്ജിത്ത് അണ്ണയും നീലം സ്റ്റുഡിയോസും അപ്പ്ളോസ് സോഷ്യലും എന്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.” ‘ആദിത്യ വർമ്മ’, ‘മഹാൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. 2024 മാർച്ച് 15-ന് ചിത്രീകരണം ആരംഭിക്കും.

പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്യുന്ന സിനിമയാണിത് എന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.