‘ഗുണ കേവ്‍സി’ല്‍ കാത്തിരിക്കുന്നതെന്ത്? ‘മഞ്ഞുമ്മല്‍ ബോയ്‍സ്’ തിയേറ്ററുകളിലേക്ക്

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമൽ ബോയ്സ്’ നാളെ തിയറ്ററുകളിലെത്തും. പ്രഖ്യാപനം വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. . ‘ഗുണാ കേവ്സും’ അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണിത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃദ് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്തു സലീംകുമാർ നടൻ സലിം കുമാറിന്റെ മകനാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ ചിദംബരം തന്നെയാണ് തയ്യാറാക്കിയത്.