ചാമ്പ്യൻസ് ലീഗ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തുമ്പോൾ

ഒടുവിൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചെസ്റ്റർ സിറ്റി നേടി. 129 വർഷം മുൻപ് സ്ഥാപിക്കപ്പെട്ട സിറ്റി 68 വർഷത്തെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് (യൂറോപ്യൻ കപ്പ്) ചരിത്രത്തിൽ ആദ്യമായാണ് കിരീടം നേടിയത്. ഇതോടൊപ്പം ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, FA കപ്പ് കൂടി നേടി ഒരു സീസണിൽ ട്രെബിൾ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമായി മാഞ്ചെസ്റ്റർ സിറ്റി മാറി. 1999-ലെ മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീം മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഇംഗ്ലീഷ് ടീം. ഇത് സിറ്റി മാനേജർ പെപ് ഗാർഡിയോളയുടെ രണ്ടാമത്തെ ട്രെബിൾ നേട്ടമാണ്. 2009-ൽ പെപ്പിന്റെ ബാഴ്‌സലോണ ടീം 6 കിരീടങ്ങൾ നേടി Sextuple കരസ്ഥമാക്കിയിരുന്നു. ഇത്തവണത്തെ ട്രെബിൾ നേട്ടത്തോടെ എക്കാലത്തെയും മികച്ച മാനേജർമാരിൽ പെപ് തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു പ്രീമിയർ ലീഗ് കിരീടങ്ങളും നേടിയ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ പതുക്കെയാണ് തുടങ്ങിയത്. സീസണിൽ ഭൂരിഭാഗവും ആഴ്‌സെനൽ ആയിരുന്നു മുന്നിൽ നിന്നതെങ്കിലും സീസണവസാനത്തോടടുക്കുമ്പോൾ ആഴ്‌സെനൽ പിന്നോട്ട് പോവുകയും, കഴിഞ്ഞ സീസണുകൾക്ക് സമാനമായി സീസണിലെ അവസാന മത്സരങ്ങളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ഈ വർഷവും സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ ആറു സീസണിൽ പെപ്പിന്റെ സിറ്റിക്ക് ഇത് അഞ്ചാം കിരീടമാണ്. കൂടാതെ FA കപ്പ് ഫൈനലിൽ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി സിറ്റി കിരീടം നേടി. സിറ്റി സ്ഥിരമായി വിജയിച്ചുവന്ന ലീഗ് കപ്പ് മാത്രമാണ് സിറ്റിക്ക് ഈ സീസണിൽ നേടാൻ കഴിയാതെ പോയത്. മാഞ്ചെസ്റ്റർ യുണൈറ്റഡ് ആണ് ലീഗ് കപ്പ് വിജയിച്ചത്.

ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവി അറിയാതെ ഒന്നാമതായി എത്തിയാണ് സിറ്റി knockout മത്സരങ്ങൾക്ക് യോഗ്യത നേടിയത്. പ്രീക്വാർട്ടറിൽ RB ലൈപ്സിഗിനെയും, ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ചാമ്പ്യൻമാരായ ബയേണ് മ്യൂണിച്ചിനെയും, സെമിയിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനേയും ആധികാരികമായി പരാജയപ്പെടുത്തിയാണ് സിറ്റി ഫൈനലിൽ എത്തിയത്. സെമിയിലെ രണ്ടാം ലെഗ്ഗിൽ യൂറോപ്യൻ ഫുട്‌ബോളിനെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി അടക്കിവാണ റയൽ മാഡ്രിഡിനെ 4-0 എന്ന സ്കോറിന് തകർത്തത് ലോകഫുട്‌ബോളിൽ തന്നെ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. യൂറോപ്പിൽ മാഡ്രിസ് യുഗത്തിന് അവസാനമാകുന്നോ എന്ന ചോദ്യവും ഉയർന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ 89 മിനുട്ട് വരെ 2 ഗോളിന് മുന്നിൽ നിന്ന ശേഷമാണ് സിറ്റി റയലിനോട് ആറു മിനിറ്റിൽ മൂന്നു ഗോൾ വഴങ്ങി പുറത്താവുന്നത്.

സിറ്റിയെ അപേക്ഷിച്ച് താരതമ്യേന എളുപ്പവഴി ആണ് ഇന്റർ മിലാന് ഫൈനലിലേക്ക് ഉണ്ടായിരുന്നത്. ഇറ്റാലിയൻ സിരിയ എ-യിൽ കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കാൻ കഴിയാതിരുന്ന ഇന്റർ ഇത്തവണ ഏവരേയും അത്‌ഭുതപ്പെടുത്തിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്. സെമിയിൽ നാട്ടുകാർ ആയ AC മിലാനെ ആണ് ഇന്റർ പരാജയപ്പെടുത്തിയത്. ഒരുകാലത്ത് യൂറോപ്യൻ ഫുട്‌ബോൾ അടക്കി ഭരിച്ചിരുന്ന മിലാൻ ക്ലബുകളുടെ തിരിച്ചുവരവ് ആയും ഈ സീസണെ കാണാം.

2021-ൽ കപ്പിനും ചുണ്ടിനും ഇടയിലാണ് പെപ്പിന്റെ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നഷ്ടമായത്. അന്ന് സിറ്റിയുടെ അത്ര ശക്തമായ ടീം അല്ലാഞ്ഞിരുന്നിട്ടും ഫൈനലിൽ ചെൽസി ഒരു ഗോളിന് സിറ്റിയെ അട്ടിമറിക്കുക ആയിരുന്നു. അന്ന് റോഡ്രിയെ കളിപ്പിക്കാതെ ഗുണ്ടോഗനെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയി കളിപ്പിച്ച പെപ്പിന്റെ തീരുമാനം നിശിതമായി വിമർശിക്കപ്പെട്ടു. എന്നാൽ ഇത്തവണ അതേ റോഡ്രിയുടെ ഗോളിൽ തന്നെ സിറ്റി ചാമ്പ്യൻമാരായി.

എന്നാൽ സിറ്റി സ്ഥിരമായി കളിക്കുന്ന ഒഴുക്കുള്ള പാസിംഗ് ഗെയിം ഇത്തവണത്തെ ഫൈനിലിൽ കാണാനായില്ല. കൃത്യമായി പൊസിഷനിങ്ങും, അപ്രതീക്ഷിതമായ ഹൈ പ്രെസ്സിങ്ങും വഴി ഇന്റർ സിറ്റിയുടെ സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ അനുവദിച്ചില്ല. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ റൈറ്റ് ബാക്ക് കെയിൽ വാക്കറിനെ പുറത്തിരുത്തിയാണ് സിറ്റി കളിക്കിറങ്ങിയത്. പകരം വന്ന ആകെ റൂബൻ ഡിയാസിനും, അകാഞ്ചിക്കും ഒപ്പം ഡിഫൻസിൽ കളിച്ചപ്പോൾ ഡി ബ്രുണയും ജോണ് സ്റ്റോണ്സും വിങ്ങുകളിലായി യോഹൻ ക്രൈഫിന്റെ ടീമുകളെ ഓർമ്മിപ്പിക്കുന്ന 3-4-3 ഡയമണ്ട് ഫോർമേഷനാണ് പെപ് ആദ്യ പകുതിയിൽ പരീക്ഷിച്ചത്. എന്നാൽ ഇത്‌ കാര്യമായ നേട്ടം ഉണ്ടാക്കാതെ വരുകയും, ഡി ബ്രുണക്ക് പരിക്കേറ്റത് മൂലം ഫിൽ ഫോഡൻ എത്തുകയും ചെയ്തതോടെ സിറ്റി രണ്ടാം പകുതിയിൽ സ്റ്റോണ്സ് മധ്യത്തേക്ക് വന്ന് 4-1-4-1 ഫോർമേഷനിലേക്ക് തിരിച്ചുപോയി.

റോഡ്രിയുടെ ഗോളിന് പിന്നിൽ പോയതോടെ അവസാന 20 മിനുട്ടുകളിൽ ശക്തമായ മുന്നേറ്റമാണ് ഇന്റർ മിലാൻ കാഴ്ച വെച്ചത്. എന്നാൽ ലുകാകുവിന് ലഭിച്ച പോസ്റ്റിന് മുന്നിൽ ഒരു ഫ്രീ ഹെഡർ ഉൾപ്പെടെ നിരവധി അവസരങ്ങൾ ഇന്റർ മുന്നേറ്റ നിര പാഴാക്കിയപ്പോൾ ഈ ഗോളിൽ പിടിച്ചു നിൽക്കാനും മത്സരം ജയിക്കാനും സിറ്റിക്ക് കഴിഞ്ഞു. പക്ഷെ എന്തുകൊണ്ടും അഭിമാനിക്കാവുന്ന പ്രകടനമാണ് സിമോൺ ഇന്സാഗിയുടെ ഇന്റർ മിലാൻ കാഴ്ച്ച വെച്ചത്. ഇറ്റാലിയൻ കപ്പ്, സൂപ്പർ കപ്പ് കിരീടങ്ങൾ ഇത്തവണ ഇന്റർ നേടിയിരുന്നു. സിറ്റി ഗോൾ കീപ്പർ എഡേഴ്സണായിയിരുന്നു ഫൈനലിലെ മികച്ച കളിക്കാരൻ എന്ന് നിസംശയം പറയാം.

ഈ സീസണിൽ സിറ്റിയിൽ എത്തുകയും 51 മത്സങ്ങളിൽ 52 ഗോളുകൾ അടിച്ചു സിറ്റിയുടെ ടോപ്പ് സ്‌കോറർ ആവുകയും ചെയ്ത ഹാളണ്ട് മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെച്ചത്. എന്നാൽ കഴിഞ്ഞ 9 മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് ഹാളണ്ടിനു അടിക്കാൻ കഴിഞ്ഞത്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടു ലെഗ്ഗുകളിലും, ഫൈനലിലും മോശം പ്രകടനമാണ് ഹാളണ്ട് കാഴ്ച വെച്ചത്. ഗോളുകൾ അടിച്ചു കൂട്ടുമ്പോഴും പന്ത് ഹോൾഡ് ചെയ്തു വെക്കുന്നതുപോലെ നിരവധി മേഖലകളിൽ ഹാളണ്ട് മുന്നേറാനുണ്ട്. എന്നാൽ വരുന്ന സീസണുകളിൽ ലോകഫുട്‌ബോൾ ഏറ്റവും ശ്രദ്ധിക്കുന്ന കളിക്കാരനാവും ഈ 22-കാരനായ നോർവീജിയൻ കളിക്കാരൻ എന്ന് ഉറപ്പാണ്.

സീസണിന്റെ തുടക്കത്തിൽ കുറച്ചു പതറിപ്പോയ കെവിൻ ഡി ബ്രൂണെ പക്ഷെ പിന്നീട് മികച്ച പ്രകടങ്ങളാണ് കാഴ്ച്ച വെച്ചത്. ക്യാപ്റ്റൻ ഗുണ്ടോഗൻ ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. FA കപ്പ് ഫൈനലിൽ ഉൾപ്പെടെ ഗുണ്ടോഗന്റെ ഗോളുകൾ സിറ്റിയെ മുന്നോട്ടു നയിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഡിഫൻസീവ് മിഡ്ഫീൽഡർ റോഡ്രി, മധ്യനിരയിലേക്ക് കളംമാറ്റിയെങ്കിലും ഉഗ്രൻ പ്രകടനം കാഴ്‌ചവെക്കുന്ന ജോണ് സ്റ്റോണ്സ്, ഗോൾകീപ്പർ എഡേഴ്സണ്, പലപ്പോഴും പകരക്കാരൻ ആയി എത്തിയിട്ടും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഹൂലിയന് അൽവരെസ്, വിങ്ങുകളിലൂടെ നിരന്തരം മുന്നേറ്റം സൃഷ്ടിച്ച ജാക്ക് ഗ്രീലിഷ്, ബെർണാഡോ സിൽവ തുടങ്ങിയവരും സിറ്റിയുടെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചു. ലോകകപ്പിന് പുറമെ ട്രെബിൾ കൂടി നേടിയതോടെ 4 പ്രധാന കിരീടങ്ങൾ ഒറ്റ സീസണിൽ നേടുന്ന അപൂർവ്വം കളിക്കാരുടെ നിരയിലേക്കാണ് ആർജന്റൈൻ മുന്നേറ്റക്കാരൻ ഹുലിയൻ അൽവരെസ് ഉയരുന്നത്.

മെസ്സി ടീമിൽ ഇല്ലെങ്കിൽ, ബാഴ്‌സയിൽ അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞിയില്ല എന്ന ടാഗ് കൂടിയാണ് പെപ് ഈ വിജയത്തോടെ മാറ്റുന്നത്. ബാഴ്‌സയിൽ നിന്ന് ബയേണിൽ എത്തിയപ്പോഴും, സിറ്റിയിൽ എത്തിയപ്പോഴും പെപ് തന്റെ തന്ത്രങ്ങൾ പല രീതിയിൽ മാറിക്കഴിഞ്ഞു. 2008-2012 കാലത്ത് ലോകം കീഴടക്കിയ ടിക്കി ടാക്കയിൽ നിന്ന് വലിയ മാറ്റങ്ങൾ വന്നെങ്കിലും തന്റെ അടിസ്ഥാന ആശയമായ പോസഷൻ അടിസ്‌ഥാനപ്പെടുത്തുയുള്ള ഫുട്‌ബോളിൽ പെപ് അടിയുറച്ചു നിൽക്കുന്നു. കാഴ്ചക്കാരിൽ അങ്ങേയറ്റം ആവേശം ഉയർത്തുന്ന ഈ സൗന്ദര്യാത്മകമായ കളിതന്ത്രത്തിന്റെ വിജയം കൂടിയാണ് ഈ ട്രെബിൾ. അടുത്ത സീസണിൽ ക്ലബ് ലോകകപ്പ്, UEFA സൂപ്പർ കപ്പ്, FA ചാരിറ്റി ഷീൽഡ് എന്നിവയ്ക്ക് കൂടി മാഞ്ചെസ്റ്റർ സിറ്റി യോഗ്യത നേടിയതോടെ 6 കിരീടങ്ങൾ എന്ന ബാഴ്‌സയിലെ നേട്ടം ആവർത്തിക്കാനുള്ള അവസരം ആണ് പെപ്പിനും ലഭിച്ചിരിക്കുന്നത്.