യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഗ്ളാമർ പോരാട്ടം. ഒന്നാംപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ഇംഗ്ളീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ അയാക്‌സ്, ബെന്‍ഫിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരങ്ങള്‍. അത്ര നല്ല ഫോമിൽ അല്ല ഇരു ക്ലബുകളും എങ്കിലും ഈ മത്സരം ആവേശകരമായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. സിമിയോണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടമായും ഈ മത്സരം മാറും. എന്നും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അത്ഭുതങ്ങൾ കാണിക്കാൻ റൊണാൾഡോക്ക് ആയിട്ടുണ്ട്. ഇന്നും ഏവരുടെയും ശ്രദ്ധ റൊണാൾഡോയിൽ തന്നെ ആകും.
ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മികച്ച ഫോമും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും യുണൈറ്റഡിന് കരുത്താകും. ജാദന്‍ സാഞ്ചോ, പോള്‍ പോഗ്ബ, ഹാരി മഗ്വെയര്‍, റാഫേല്‍ വരാനെ, ഡേവിഡ് ഡിഹിയ എന്നിവര്‍ കൂടി ചേരുമ്പോള്‍ അത്‌ലറ്റിക്കോയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ലൂയിസ് സുവാരസും ജാവോ ഫെലിക്‌സും ചേരുന്ന മുന്നേറ്റത്തില്‍ തന്നെയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രതീക്ഷ. മാഡ്രിഡ് മൈതാനത്താണ് മത്സരമെന്നതും ടീമിന് മുന്‍തൂക്കം നല്‍കും.31 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇതിന് മുന്‍പ് ഇരുടീമുകളും ഏറ്റുമുട്ടിയത്.