The Ten Hag Era – ലിവർപൂളിനെ മറികടന്ന് ചുവന്ന ചെകുത്താന്മാർക്ക് തകർപ്പൻ വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ബദ്ധവൈരികളായ ലിവര്പൂളിനെതിരെ തകർപ്പൻ ജയം. ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആണ് ചുകന്ന ചെകുത്താന്മാർ മലർത്തിയടിച്ചത്. യുണൈറ്റഡിനായി ജേഡണ്‍ സാഞ്ചോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് ഗോള്‍ നേടിയത്. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റതിന് ശേഷമുളള വിജയമാണ് യുണൈറ്റഡിന്റേത്. പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡ് നേടുന്ന ആദ്യ വിജയമാണിത്. ആദ്യ ഇലവനില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും, ഹാരി മഗ്വയറിനെയും നീക്കി പകരം എലാന്‍ഗയെയും റാഫേല്‍ വരാനെയെയും ടീമിലുള്‍പ്പെടുത്തിയാണ് യുണൈറ്റഡ് കളിച്ചത്.

തുടക്കത്തിൽ തന്നെ അഗ്രസീവ് ആയി പ്രസ് ചെയ്ത് കളിച്ച യുണൈറ്റഡിന് ഓൾഡ്ട്രാഫോർഡിന്റെ വലിയ പിന്തുണ ലഭിച്ചു. ആദ്യം ബ്രൂണോയുടെ പാസിൽ നിന്ന് എലാംഗ ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. എന്നാൽ നിമിഷങ്ങൾക്കകം ലിവർപൂൾ ഡിഫൻസിനെ കാഴ്‌ചക്കാരാക്കി കൊണ്ട് സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി.രണ്ടാം പകുതിയിൽ യുണൈറ്റഡ് ആന്റണി മാർഷ്യലിനെ കളത്തിൽ ഇറക്കി. രണ്ടാം ഗോൾ മാർഷ്യലിന്റെ അസിസ്റ്റിൽ നിന്ന് തന്നെ വന്നു. 53ആം മിനുട്ടിൽ മാർഷ്യലിന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ച റാഷ്ഫോർഡ് അലിസണെ കീഴ്പ്പെടുത്തി രണ്ടാം ഗോൾ നേടി. സ്കോർ 2-0. ലിവര്‍പൂളിന് വേണ്ടി മുഹമ്മദ് സലാഹ് ആണ് ഗോള്‍ നേടിയത്.

മൂന്ന് മത്സരങ്ങള്‍ കളിച്ച ലിവര്‍പൂളിന് ആദ്യ രണ്ടു മത്സരങ്ങളില്‍ സമനിലയും ഈ തോൽവിയും വലിയ ക്ഷീണമാകും, രണ്ട് പോയിന്റ് മാത്രമുള്ള ലിവർപൂൾ 16ആം സ്ഥാനത്ത് ആണ്.