മലയൻകുഞ്ഞ്- മലയാളത്തിൽ നിന്നും ഒരുഗ്രൻ ഇന്റർനാഷണൽ മൂവി

എ ആർ റഹ്മാൻ , ഫഹദ് ഫാസിൽ, മഹേഷ് നാരായണൻ, സജിമോൻ കൂട്ടുകെട്ടിൽ മലയാളത്തിൽ നിന്നും ഉഗ്രൻ ഒരു ഇന്റർനാഷണൽ മൂവി . ഒരു പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര കഥാപാത്രത്തിനുണ്ടാവുന്ന തിരിച്ചറിവുകളാണ് മലയന്‍കുഞ്ഞ്.

ആദ്യ പകുതിയിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന അനിക്കുട്ടന്റെ സ്വഭാവ വിശേഷങ്ങളും, ജാതീയതയും മലയോര ഗ്രാമ ജീവിതവുമൊക്കെയാണ് അവതരിപ്പിക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ താണ്ഡവമാടുന്ന പ്രകൃതിയും അതിനെ അതിജീവിക്കാൻ ശ്രമിക്കുന്ന അനിക്കുട്ടനും നമ്മെ വീർപ്പു മുട്ടിക്കും. പുറമെ കാണുമ്പോൾ സുന്ദരമായി തോന്നുന്ന മലയോര കാഴ്ചകളല്ല ഈ സിനിമയിൽ.

മാസങ്ങളോളം മഴ പെയ്യുന്ന കേരളത്തിൽ മഴയെ കൂടുതലും കാല്പനികമായാണ് ചിത്രീകരിക്കാറ്, കടൽ ക്ഷോഭവും,ഉരുൾ പൊട്ടലും മറികടക്കാൻ വർഷം തോറും ക്യാമ്പുകളിൽ കഴിയേണ്ടി വരുന്ന അനേക മനുഷ്യർക്ക് മുകളിൽ കൂടിയുമാണ് മഴ പെയ്യുന്നത്. വര്ഷം തോറും ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ക്ഷോഭങ്ങളിൽ പെട്ട് ആളുകൾ മരിക്കുന്ന കേരളത്തിൽ പ്രളയത്തിന് ശേഷമാണ് ഇത്തരം ദുരന്തങ്ങളൊക്കെ വാർത്ത എന്നതിൽ കവിഞ്ഞു പൊതു സമൂഹത്തിനു മുന്നിൽ ചർച്ചയയ്ക്കു വരുന്നത്.

ഉരുൾ പൊട്ടലിന്റെ ഭീകരതയും അതിൽ പെട്ട് പോകുന്ന മനുഷ്യന്റെ സർവൈവലും വല്ലാത്തൊരു നടുക്കത്തോടെയാണ് ഈ സിനിമ അനുഭവിപ്പിക്കുന്നത്. കുറെ സമയം പുറത്തുള്ള മറ്റൊരു കാഴ്ചയും മനപ്പൂർവം കാണിക്കാതെ നമ്മെ അതിൽ പെടുത്തി ടാഗ് ലൈനിൽ പറഞ്ഞത് പോലെ ‘ശ്വാസം മുട്ടിക്കുന്നുണ്ട് ശരിക്കും’. തുടക്കം മുതൽ അനുഭവിപ്പിക്കുന്ന ഇടിയും മിന്നലുമടക്കം ബാക്ഗ്രൗണ്ട് സ്കോറും മികച്ച സപ്പോർട്ട് നൽകുന്നു . മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ മുൻപ് എന്ത് കൊണ്ടുണ്ടായില്ല എന്ന് ചിന്തിച്ചു പോകും.

മനുഷ്യത്വത്തിന്റെ രാഷ്ട്രീയം കൂടി ഈ സിനിമയിൽ സ്വാഭാവികമായി കൂടിയിണങ്ങിയിട്ടുണ്ട് . ആദ്യ പകുതിയിൽ തന്നെ എന്നും ശല്യം ചെയ്യുന്നതായി അനിക്കുട്ടന് തോന്നിയ അസ്വസ്ഥമായി പിന്തുടരുന്ന കുഞ്ഞിന്റെ കരച്ചിൽ പിന്നീട് ഭൂഗർഭത്തിൽ പ്രതീക്ഷയുടെ കരച്ചിലായി മാറുന്നതും ചെളിയിൽ കിടന്നു കൊണ്ട് കുഞ്ഞിനെ കേൾപ്പിക്കാൻ കളിപ്പാട്ടം കിലുക്കുന്നതുമൊക്കെ ഇന്ന് വരെ മലയാള സിനിമയിൽ കാണാത്ത ഉജ്വല ദൃശ്യങ്ങളാണ്. നന്മയും തിന്മയും ഇടകലർന്ന മനുഷ്യന്റെ മാറാനുള്ള സാധ്യതയെ അധികം പരത്തി പറയാതെ തന്നെ സിനിമ ഉൾച്ചേർത്തിരിക്കുന്നു.

എ.ആര്‍ റഹ്മാന്റെ മാസ്മരിക സംഗീത സംവിധാനം പോലെ തന്നെ എഡിറ്റിങ്, സിനിമോട്ടോഗ്രാഫി വിഭാഗങ്ങളും തിരക്കഥയ്ക്ക് മികച്ച പിന്തുണ നൽകുന്നു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തങ്ങളുടെ ഭീതി പശ്ചാത്തല സംഗീതവും, ദൃശ്യങ്ങളും മികച്ച രീതിയില്‍ ചിത്രം ഒരുക്കിയിട്ടുണ്ട്. ഫഹദിനെ പോലെ തന്നെ അമ്മയായി വേഷമിട്ട നടി ജയ കുറുപ്പിന്റെയും പ്രകടനം ഗംഭീരമായിരുന്നു, രജിഷ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി,ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആന്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.