‘എല്ലാവര്ക്കും നന്ദി, തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരെയുള്ള ഹേറ്റ് ക്യാംപയ്ൻ ആയി മാറരുത്’; ആസിഫ് അലി

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെയുള്ള ഹേറ്റ് ക്യാമ്പയിൻ ആയി മാറരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താരങ്ങളും രാഷ്ട്രീയപ്രവർത്തരും രം​ഗത്തെത്തിയിരുന്നു. വിവാദത്തിൽ ആദ്യമായാണ് ആസിഫ് പ്രതികരിക്കുന്നത്.

രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്‍പദമാക്കി മനോരഥങ്ങള്‍ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിവാദ സംഭവം. ട്രെയിലര്‍ ലോഞ്ചില്‍ മനോരഥങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. സ്വര്‍ഗം തുറക്കുന്ന സമയം എന്ന ചിത്രത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ ആയിരുന്നു സംഗീതം നല്‍കിയത്. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്‍കാരം നല്‍കാൻ ആദ്യം ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍ ആസിഫ് പുരസ്‍കാരം നല്‍കിയപ്പോള്‍ താരത്തെ നോക്കാനോ ഹസ്‍തദാനം നല്‍കാനോ തയ്യാറായിരുന്നില്ല സംഗീതജ്ഞൻ രമേഷ് നാരായണൻ. സംവിധായകൻ ജയരാജിനെ രമേഷ് നാരായണൻ വിളിക്കുകയും ഒന്നുകൂടി പുരസ്‍കാരം നല്‍കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജയരാജ് പുരസ്‍കാരം നല്‍കി.

സംഭവം വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ല എന്നായിരുന്നു രമേഷ് നാരായണൻ വ്യക്തമാക്കിയത്. അങ്ങനെ തോന്നിയെങ്കില്‍ ആസിഫിനോട് ക്ഷമ ചോദിക്കുന്നുവെന്നും പിന്നീട് രമേഷ് നാരായണൻ വ്യക്തമാക്കിയിരുന്നു.