‘മദനോത്സവം’ പ്രേക്ഷകർക്കുള്ള തന്റെ വിഷു കൈനീട്ടമെന്ന് സുരാജ് വെഞ്ഞാറമൂട്; ചിത്രം നാളെ മുതൽ തിയേറ്ററുകളിലേക്ക്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന മദനോത്സവം നാളെ മുതൽ തിയേറ്ററുകളിലേക്ക്. ഹ്യുമർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം നവാഗതനായ സുധീഷ് ഗോപിനാഥ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ രതീഷ് പൊതുവാളാണ് ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ബാബു ആന്റണിയും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മദനോത്സവം പ്രേക്ഷകര്‍ക്കുള്ള തന്റെ വിഷു കൈനീട്ടമാണെന്ന് നടൻ സൂരജ് വെഞ്ഞാറമൂട് പറഞ്ഞു. “ആളുകള്‍ എല്ലാം എന്നോട് ചോദിച്ചിരുന്നു എന്താണിപ്പോ സീരിയസ് ആണല്ലോ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാത്തത് എന്ന്. കോമഡി സ്‌ക്രിപ്റ്റ് ഒന്നും കിട്ടിയിരുന്നില്ല എന്നതാണ് സത്യം, കിട്ടിയതില്‍ ഏറ്റവും മികച്ചതാണ് മദനോത്സവം. ഇതിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ചാടി വീണു ചെയ്തതാണ്. മദനന്‍ എന്ന കഥാപാത്രം സമൂഹവുമായി അധികം ബന്ധം ഇല്ലാത്ത ഒരാളാണ് എന്നാല്‍ അദ്ദേഹത്തിന് ഒരുപാട് ഷെയ്ഡുകള്‍ ഉണ്ട്. ഇത് തികച്ചും ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ള സിനിമയാണ്. അത് ഭംഗിയായി വന്നിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മദനോത്സവം പ്രേക്ഷകര്‍ക്കുള്ള എന്റെ വിഷുകൈനീട്ടമാണ്.” ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ചിത്രം നിർമിക്കുന്നത്. സംവിധായകൻ രതീഷ് പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു സുധീഷ്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.വിവേക് ഹർഷനാണ് എഡിറ്റർ. ചിത്രത്തിന്റെ ടീസറും, ട്രൈലറുമെല്ലാം ഇതിനോടകം പ്രേക്ഷക പ്രീതി പിടിച്ചു പറ്റി കഴിഞ്ഞു.

സുരാജ് വെഞ്ഞാറമൂടിനും ബാബു ആന്റണിക്കും പുറമെ ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസർകോട്, കൂർഗ്, മടികേരി എന്നിവിടങ്ങളിലായിരുന്നു മദനോത്സവത്തിന്റെ ചിത്രീകരണം.