ലോഡ്സ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 190 റൺസ് വിജയം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ രണ്ടാം മത്സരവും വിജയിച്ചതോടെ ഇംഗ്ലണ്ട് പരമ്പര വിജയം സ്വന്തമാക്കി. 483 റൺസ് വിജയത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്ക 292 റൺസിൽ എല്ലാവരും പുറത്തായി. നേരത്തെ രണ്ടിന് 53 എന്ന നിലയിലാണ് ലങ്ക നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്.
55 റൺസെടുത്ത ദിമുക്ത് കരുണരത്നെ, 58 റൺസെടുത്ത ദിനേശ് ചന്ദിമാൽ, 50 റൺസെടുത്ത ധനഞ്ജയ ഡി സിൽവ, 43 റൺസെടുത്ത മിലൻ രഥ്നായകെ എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. ഒലി സ്റ്റോണും ക്രിസ് വോക്സും രണ്ട് വീതം വിക്കറ്റുകളെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 427 റൺസെടുത്തു. മറുപടി പറഞ്ഞ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 196 റൺസിൽ എല്ലാവരും പുറത്തായി. 231 റൺസിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 251 റൺസിൽ ഓൾ ഔട്ടായതോടെ ലങ്കയുടെ വിജയലക്ഷ്യം 483 ആകുകയായിരുന്നു.