ഫെറാൻ ടോറസ് സിറ്റിയിൽ നിന്നും ബാഴ്‌സയിലേക്ക്

സാവി യുഗത്തിലെ ആദ്യ വലിയ സൈനിംഗ് ബാഴ്സലോണ പൂർത്തിയാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരമായിരുന്ന ഫെറാൻ ടോറസുമായി ബാഴ്സലോണ കരാറിൽ എത്തി. ഇന്നലെ ബാഴ്സലോണ ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 65 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. ഫെറാൻ ടോറസ് ബാഴ്സലോണയിൽ 2027വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്.

എന്നാൽ ജനുവരി തുടക്കത്തിൽ തന്നെ താരം ബാഴ്സലോണക്കായി കളിക്കും എന്ന ആരാധകരുടെ മോഹത്തിന് തിരിച്ചടി ലഭിച്ചു. താരത്തിന് പരിക്ക് ആണെന്നും കുറച്ച് കാലം പുറത്തായിരിക്കും എന്നും ബാഴ്സലോണ അറിയിച്ചു. വലൻസിയയുടെ താരമായിരുന്നു ടോറസ് കഴിഞ്ഞ സീസണിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. സിറ്റിയിൽ അവസരം കുറഞ്ഞതും ബാഴ്സലോണയിൽ കളിക്കാനുള്ള ആഗ്രഹവുമാണ് ടോറസിനെ സ്പെയിനിലേക്ക് തിരികെയെത്തിച്ചത്.

അതെ സമയം ബാഴ്സലോണ ക്യാമ്പിൽ കൊറോണ പോസിറ്റീവ് എണ്ണം കൂടുന്നു. ഇന്നലെ ബാഴ്സലോണയുടെ താരങ്ങളായ ലെങ്ലെറ്റും ഡാനി ആൽവസും ജോർദി ആൽബയും കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചിരുന്നു. ഇന്ന് ഇപ്പോൾ ഡെംബലെ, ഉംറ്റിറ്റി, ഗവി എന്നിവരും പോസിറ്റീവ് ആയിരിക്കുകയാണ്. താരങ്ങൾ ഇന്ന് മുതൽ ക്ലബിന്റെ ട്രെയിനിങിൽ പങ്കെടുക്കില്ല. കൊറോണ ബാധിച്ച എല്ലാവരും ഐസൊലേഷനിൽ ആണെന്നു ക്ലബ് അറിയിച്ചു. രണ്ടാഴ്ച എങ്കിലും ഇവർ പുറത്ത് ഇരിക്കും.