2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ. നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. അതെ സമയം മികച്ച നടനുള്ള പുരസ്‌കാരം ഏറ്റു വാങ്ങാൻ മമ്മൂട്ടി എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തന്റെ സഹോദരിയുടെ മരണത്തിനു ശേഷമുള്ള ചടങ്ങുകൾ നടക്കുന്നതിനാലാണ് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാത്തത്.
കുഞ്ചാക്കോ ബോബൻ, മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ വിന്‍സി അലോഷ്യസ് അലന്‍സിയര്‍, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍ രഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 ചലച്ചിത്രപ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രനും, 2021ലെ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ശ്യാമപ്രസാദും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു ജി.ആര്‍. അനില്‍, ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ്, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ കെ.സി നാരായണന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.