ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ആദ്യ ജയം നേടി ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പതിനൊന്നാം സീസണിലെ ആദ്യ ജയം കുറിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ ആണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (63), ക്വാമെ പെപ്രയുമാണ് (88) ഗോളുകൾ നേടിയത്. ഈസ്റ്റ് ബംഗാളിന്‍റെ ഏക ഗോള്‍ മലയാളി താരമായ വിഷ്ണു പി വി (59) സംഭാവന ചെയ്തു.

ആദ്യപകുതിയില്‍ തന്നെ മഞ്ഞപ്പടക്കു നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും നിര്‍ഭാഗ്യവും ഫിനിഷിങ്ങിലെ പിഴവും ടീമിന് വിനയായി. 11-ാം മിനിറ്റില്‍ പോസ്റ്റ് ലീഡ് നിഷേധിച്ചപ്പോള്‍ 33-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം മലയാളി താരം കെപി രാഹുല്‍ പുറത്തേക്ക് ഹെഡ് ചെയ്തു കളഞ്ഞു. 59-ാം മിനിറ്റില്‍ മലയാളി താരമായ വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയതോടെ മത്സരം കൂടുതൽ കടുപ്പമേറിയതായി. അധികം വൈകാതെ ഐഎസ്എല്ലിലെ തന്‍റെ ആദ്യ ഗോൾ നേടി നോഹ വരവറിയിച്ചു. ഈസ്റ്റ് ബംഗാള്‍ പ്രതിരോധ നിരയെ തകര്‍ത്തെറിഞ്ഞ് നോഹ തൊടുത്ത ഇടംകാലൻ ഷോട്ട് പ്രബ്സുഖൻ ഗില്ലിന്‍റെ കാലുകൾക്കിടയിലൂടെ വലയിലേക്ക് കയറി.

സമനില കണ്ടെത്തിയതോടെ സബസ്റ്റിറ്റ്യൂഷനുകൾ വരുത്തി ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളിനുള്ള ശ്രമം തുടങ്ങി. 88-ാം മിനിറ്റില്‍ ക്വാമെ പെപ്രയുടെയും ഇടം കാലാണ് മഞ്ഞപ്പടയ്ക്ക് ഈ സീസണിലെ ആദ്യ ജയം നേടി കൊടുത്തത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ 12-ാം സ്ഥാനത്താണ്.