ബാഹുബലി, ആർആർആർ, കൽക്കി എന്നീ ചിത്രങ്ങൾ പോലെ തമിഴിൽ നിന്നും തങ്ങൾ നടത്തുന്ന ആദ്യത്തെ ചുവടുവയ്പ്പാണ് ‘കങ്കുവ’ എന്ന് നടൻ സൂര്യ. മറ്റു ഇൻഡസ്ട്രികളെ പോലെ തമിഴും വലിയ തരത്തിൽ എന്തെങ്കിലും ചെയ്യേണ്ട സമയമായിരിക്കുന്നുവെന്ന തോന്നലിൽ നിന്നാണ് ‘കങ്കുവ’ എന്ന ചിത്രം ഉണ്ടായത് എന്നും ഇത്തരത്തിൽ ഒരു സിനിമ തമിഴിൽ നിന്ന് വരുന്നത് ആദ്യത്തേതാണെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.
ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രമാണ് കങ്കുവ. കഴിഞ്ഞ ദിവസം പുറത്തുവിട്ട കങ്കുവയിലെ യോലോ പാട്ടിലെ സൂര്യയുടെ സ്റ്റൈലിഷ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് കാലഘട്ടത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് വില്ലനായെത്തുന്നത്. ദിഷ പഠാനിയാണ് നായിക. ദിഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
നവംബർ 14 നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക. അതിനൊപ്പം 100 ൽ അധികം ഫാൻസ് ഷോകളും സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന.