‘സുപ്രീം ലീഡര്‍ യാസ്‌കിന്‍’ ആരാണെന്ന് അറിയാന്‍ പോകുന്നതേയുള്ളു ; ‘കല്‍ക്കി 2’വിനെ കുറിച്ച് കമല്‍ ഹാസന്‍

‘കല്‍ക്കി 2898 എഡി’. ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിച്ച യാസ്‌കിന്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കല്‍ക്കിയിലെ തന്റെ റോള്‍ ഒരു തുടക്കം മാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് കമല്‍ ഹാസന്‍.”കല്‍ക്കിയില്‍ കുറച്ച് മിനിറ്റുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ചെറിയ വേഷമാണ് ഞാന്‍ ചെയ്തത്, സിനിമയിലെ എന്റെ ഭാഗം ശരിക്കും ആരംഭിച്ചതേയുള്ളൂ, രണ്ടാം ഭാഗത്തില്‍ എനിക്ക് കൂടുതല്‍ ചെയ്യാനുണ്ട്. അതിനാല്‍, ഒരു ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ ഈ സിനിമ കണ്ടു ശരിക്കും അത്ഭുതപ്പെട്ടു.” അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമ ആഗോള രംഗത്തേക്ക് നീങ്ങുന്നതിന്റെ പല സൂചനകളും കാണുന്നുണ്ട്, കല്‍ക്കി 2898 എഡി അതിന്റെ ഭാഗമാണെന്നു പ്രത്യാശ പ്രകടിപ്പിച്ച കമൽഹാസൻ നാഗ് അശ്വിന്‍ മതപരമായ പക്ഷപാതമില്ലാതെ മിത്തോളജി വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്‌തെന്നും കൂട്ടിച്ചേർത്തു. അതെ സമയം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ എല്ലാ കോണുകളിൽ നിന്നും മികച്ച കളക്ഷനാണ് നേടുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും കടന്നിരിക്കുകയാണ്. രണ്ടു ദിവസം കൊണ്ട് ആഗോളതലത്തിൽ കൽക്കി 298.5 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവിസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒരു ഡിസ്റ്റോപ്പിയൻ കാലഘട്ടത്തിലാണ് ‘കൽക്കി 2898 എഡി’ ആരംഭിക്കുന്നത്. മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം ഹിന്ദു മിത്തോളജി പ്രകാരം അവസാന അവതാരം എന്ന വിശ്വാസവും ചിത്രം സ്വീകരിക്കുന്നുണ്ട്. മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തിന് 6000 വർഷങ്ങൾക്ക് ശേഷം, അവസാന നഗരമായ കാശിയെ ഏകാധിപത്യ പരമോന്നത യാസ്കിൻ ഭരിക്കുന്ന ഒരു ലോകത്തിലാണ് കഥ നടക്കുന്നത്. പ്രഭാസ് ഭൈരവ എന്ന റോളിലും, അശ്വതാമാവായി അമിതാഭും എത്തുന്നു.