27 വർഷത്തിന് ശേഷം ‘ശൈത്താനി’ലൂടെ ബോളിവുഡിലേക്ക് തിരിച്ചു വരുമ്പോൾ; ജ്യോതിക പറയുന്നു

സൗത്ത് ഇന്ത്യൻ സൂപ്പർ നായിക ജ്യോതിക 1998 – ൽ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജ കെ രഖ്‌നയിലൂടെയാണ് സിനിമാ ലോകത്തേക്കു പ്രവേശിച്ചത്. പിന്നീട് തമിഴ്, കന്നഡ, തെലുഗ്, മലയാളം സിനിമകളിൽ തിളങ്ങി നിന്നപ്പോഴും ആദ്യ ചിത്രത്തിന് ശേഷം ഹിന്ദിയിൽ ജ്യോതിക പിന്നീട് അഭിനയിച്ചിട്ടില്ല. 27 വര്ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ഇപ്പോൾ വികാസ് ബെലിന്‍റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം ശൈത്താനിലൂടെ വീണ്ടും ബോളിവുഡിൽ തിരിച്ചെത്തുന്ന ജ്യോതിക ഹിന്ദി സിനിമകളിൽ തുടർന്ന് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ്. 27 വര്‍ഷമായി ബോളിവുഡില്‍നിന്ന് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പറയുകയാണ് ജ്യോതിക. തന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്റര്‍ വിജയമായിരുന്നില്ല. കൂടുതല്‍ ഓഫര്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കണമെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക പറയുന്നു.

‘ഹിന്ദി സിനിമകളില്‍നിന്ന് ഒരിക്കല്‍ പോലും എനിക്ക് ഓഫര്‍ ലഭിച്ചില്ല. 27 വര്‍ഷം മുമ്പ് ഞാന്‍ ദക്ഷിണേന്ത്യൻ സിനിമകളില്‍ അഭിനയിച്ച് തുടങ്ങി. അതിനുശേഷം ദക്ഷിണേന്ത്യൻ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. എന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്ററുകളില്‍ വിജയമായിരുന്നില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കണം. എന്റെ സിനിമ നിര്‍മിച്ചത് വലിയ പ്രൊഡക്ഷന്‍ ഹൗസായിരുന്നെങ്കിലും ഭാഗ്യമില്ലാത്തതിനാല്‍ അത് വിജയിച്ചില്ല. ഭാഗ്യവശാല്‍ ദക്ഷിണേന്ത്യൻ സിനിമയില്‍ ഞാന്‍ സജീവമാകുകയും ബോളിവുഡില്‍നിന്നു മാറി നില്‍ക്കുകയുമായിരുന്നു,” ജ്യോതിക പറഞ്ഞു.

ബോളിവുഡില്‍ വമ്പൻ ഹിറ്റായി മാറിയ ‘ശൈത്താൻ’ എന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ആർ മാധവൻ, ജ്യോതിക, ജാങ്കി ബോഡിവാല, അങ്കദ് രാജ് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം 2023-ൽ പുറത്തിറങ്ങിയ വാഷ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്കാണ്.