‘ലെവൽ ക്രോസ്സ്’: നേരിന് ശേഷം ആസിഫ് അലി ചിത്രവുമായി ജീത്തു ജോസഫ്

പുതുവര്‍ഷത്തിലും മലയാള സിനിമ ലോകം മോഹൻലാൽ-ജിത്തു ജോസഫ് ടീമിന്റെ നേരിനൊപ്പം ആണെന്നാണ് ബോക്സ് ഓഫീസ് റിപ്പോട്ടുകൾ. ആഗോള ബോക്സ് ഓഫീസില്‍ 60 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ് ചിത്രം. ‘നേര്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കയാണ്. ലെവൽ ക്രോസ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, അമൽ പോൾ, ഷറഫുദ്ധീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യൻ കൂടിയായ അർഫാസ് അയ്യൂബാണ്.
ദുൽഖറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ‘സീതാരാമത്തിന്റെ’ സംഗീതസംവിധായകയും കൂടിയായ വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.

അർഫാസിന്റെ ആദ്യ സിനിമയായ ‘ലെവെൽ ക്രോസി’ൽ ഞെട്ടിക്കുന്ന മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. പരുക്കൻ ലുക്കിലെത്തുന്ന ആസിഫ് തന്നെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ പ്രധാന ആകർഷണം. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയായ മോഹൻലാൽ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്.അപ്പു പ്രഭാകർ ആണ് ചായാഗ്രഹണം നിർവ്വഹിക്കുന്നത്. ആദം അയൂബ് സംഭാഷണം ഒരുക്കുന്നു. പ്രേം നവാസ് ആണ് പ്രൊഡക്‌ഷൻ ഡിസൈനെർ. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.