സൂപ്പർ പേസ് ബൗളർ ജസ്പ്രീത് ബുംറ ശസ്ത്രക്രിയക്കായി ന്യൂസീലൻഡിലേക്ക്

​ടീം ഇന്ത്യയുടെ സൂപ്പർ പേസ് ബൗളർ ജസ്പ്രീത് ബുംറ ശസ്ത്രക്രിയക്കായി ന്യൂസീലൻഡിലേക്ക് . ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ, മുൻ കിവീസ് താരം ഷെയിൻ ബോണ്ട് തുടങ്ങിയ താരങ്ങളുടെയൊക്കെ ശസ്ത്രക്രിയ നടത്തിയ സർജൻ റോവൻ ഷൗട്ടനാവും പരുക്കേറ്റ് ചികിത്സയിലുള്ള ബുംറയുടെ
കാര്യങ്ങളും കൈകാര്യം ചെയ്യുക. കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബുംറയെ വിദഗ്ധ സർജനരികിലേക്കയക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഓക്ക്‌ലൻഡിൽ വച്ചായിരിക്കും ശസ്ത്രക്രിയ. ഇതോടു കൂടി കഴിഞ്ഞ വർഷം സെപ്തംബർ മുതൽ കളിക്കളത്തിലില്ലാത്ത സ്റ്റാർ പേസറുടെ തിരിച്ചുവരവ് വീണ്ടും നീളുമെന്ന് ആണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരായ ടി-20 പോരാട്ടത്തിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. വരുന്ന ഏകദിന ലോകകപ്പിൽ താരം കളിച്ചേക്കുമെന്നാണ് പ്രതീക്ഷ. അതെ സമയം പരിക്ക് മൂലം ബുംറ മുംബൈ ഇന്ത്യൻസിനായി ഐ പി എൽ കളിക്കില്ലെങ്കിലും ടീമിന് ആശ്വാസമായി ജോഫ്ര ആർച്ചർ തിരിച്ചെത്തുകയാണ്. മാസങ്ങളോളം കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന താരം ഇത്തവണ ഐപിഎൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ മുഴുവൻ സീസണും താരം കളിക്കുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആർച്ചർ ഐപിഎൽ 2023 കളിക്കുമെന്നും എന്നാൽ ടൂർണമെന്റിൽ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കുമെന്നുമാണ് സൂചന.